മൂവാറ്റുപുഴ :ക്ഷീരകർഷകർക്ക് ഇൻസെന്റീവ് നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാധാകൃഷ്ണൻ നിർവഹിച്ചു. ക്ഷീരമേഖലയിൽ കൂടുതൽ തൊഴിലധിഷ്ഠിത പദ്ധതികളും സംരംഭങ്ങളും ഉണ്ടാകേണ്ടതുണ്ട് എന്നും മൂല്യ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനായി ക്ഷീരകർഷക സംഘങ്ങളുടെ പ്രതിനിധികളുമായി ചർച്ചചെയ്ത് വരും വർഷങ്ങളിലെ പദ്ധതിക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് പാലിന് ഇൻസെന്റീവ് നൽകുന്നത്.
സാമ്പത്തീക വർഷത്തിൽ 15 ലക്ഷം രൂപയാണ് ഈ പദ്ധതിയിൽ ചെലവഴിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസി ജോളി അധ്യക്ഷത വഹിച്ചു.യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ മേഴ്സി ജോർജ് , ബെസ്റ്റിൻ ചേറ്റൂർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ജോൺ ,ഒ.കെ. മുഹമ്മദ്, രമ രാമകൃഷ്ണൻ , അഡ്വ. ബിനി ഷൈമോൻ , സെക്രട്ടറി എം.ജി.രതി , ക്ഷീരവികസന ഓഫീസർ സുപ്രിയ ദേവി, ക്ഷീരസംഘം പ്രസിഡന്റുമാരായ അബ്രഹാം തൃക്കളത്തൂർ, പയസ് ജോസ് , ടോയ്സ് കെ.ജോർജ് തുടങ്ങിയവർ സംസാരിച്ചു.


