കോട്ടയം: ഇംഗ്ലണ്ടിലെ കെറ്ററിംഗില്‍ മലയാളി യുവതിയും മക്കളും കൊല്ലപ്പെട്ടു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം ജില്ലയിലെ വൈക്കം മറവന്തുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം സ്വദേശിയായ അഞ്ജുവും ആറു വയസുള്ള മകനും നാലു വയസുകാരി മകളുമാണ് കൊല്ലപ്പെട്ടത്. അഞ്ജുവിന്റെ ഭര്‍ത്താവ് സജു യുകെ പൊലീസിന്റെ കസ്റ്റഡിയിലാണ്.
കേസുമായി ബന്ധപ്പെട്ട് അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവിനെ കെറ്ററിംഗില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കെറ്ററിംഗില്‍ ആശുപത്രിയില്‍ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. യുവതിയെയും മക്കളെയും ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ മുറിവേറ്റ നിലയില്‍ അയല്‍ക്കാര്‍ കണ്ടെത്തുകയായിരുന്നു. ആറു വയസുള്ള മകനും നാലു വയസുകാരി മകള്‍ക്കും പോലീസ് കണ്ടെത്തുമ്പോള്‍ ജീവന് ഉണ്ടായിരുന്നു. എന്നാല്‍ ഇവരും പിന്നീട് ആശുപത്രിയില്‍ മരിച്ചു.
സാമ്പത്തിക പ്രശ്നങ്ങള്‍ അഞ്ജുവിനെ അലട്ടിയിരുന്നുവെന്ന് പിതാവ് അശോകന് പറഞ്ഞു. ജോലിയില്ലാത്തതിനാല്‍ ഭര്‍ത്താവ് സാജുവും നിരാശയിലായിരുന്നു. നാട്ടിലേക്ക് മാസങ്ങളായി പണമയച്ചിരുന്നില്ല. മകളും മരുമകനും തമ്മില്‍ മറ്റ് പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന വിവരം ലഭിച്ചിട്ടില്ലെന്നും അശോകന് പറഞ്ഞു.
ഒരു വര്‍ഷമായി ലണ്ടനില്‍ കുടുംബ സമേതം കഴിയുകയാണ് ഇവര്‍. കെറ്ററിംഗ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.


