കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഒരുവിധത്തിലെന്ന് കൊവിഡ് രോഗിയായ യുവതി. ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞ് ലിഫ്റ്റില്‍ കയറ്റിയ സെക്യൂരിറ്റി ജീവനക്കാരന് ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും യുവതി പറഞ്ഞു. ജീവനക്കാരന് മൊബൈലിലും ശല്യപ്പെടുത്തിയെന്ന് പരാതിക്കാരി. ഡോക്ടര്‍മാരോട് പരാതിപ്പെട്ടെങ്കിലും ആദ്യം നടപടിയെടുത്തില്ല. ആശുപത്രിയില്‍ സുരക്ഷ പ്രശ്നങ്ങളുണ്ടെന്നും പരാതിക്കാരി പറഞ്ഞു. എന്നാല്‍ രേഖാമൂലം പരാതി ലഭിച്ചില്ലെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
വ്യാഴാഴ്ചയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിയത്. ഡയബറ്റിക് ആയതുകൊണ്ട് ഹോം ക്വാറന്റീന് പറ്റില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. തുടര്‍ന്നാണ് അഡ്മിറ്റായത്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഇതിനിടെ ഉപ്പായ്ക്കും ഉമ്മായ്ക്കും കൊവിഡ് പോസിറ്റീവായി ആശുപത്രിയില്‍ എത്തി. രണ്ട് പേരെയും രണ്ട് മുറിയിലാണ് ആക്കിയത്. ഇവരെ ഒരുമിച്ച് ഒരു മുറിയിലേക്ക് മാറ്റുന്നതിനുള്ള സഹായത്തിനായി റിസപ്ഷനിലേക്ക് പോയി. അവിടെ പിപിഇ കിറ്റ് ധരിച്ചിരുന്ന ഒരാള്‍ ഇടപെട്ട് ഒരു നഴ്സിനെ തന്റെ കൂടെ വിട്ടു. തുടര്‍ന്ന് ഉപ്പായേയും ഉമ്മായേയും ഒരു മുറിയിലാക്കി താന്‍ തിരികെ റൂമിലെത്തി. ഇതിനിടെയാണ് രാത്രി സെക്യൂരിറ്റി ജീവനക്കാരന്റെ മെസേജും കോളും വരുന്നത്. എന്തിനാണ് ഇപ്പോല്‍ മെസേജ് അയച്ചതെന്ന് ചോദിച്ചപ്പോള്‍ സംസാരിക്കണമെന്ന് പറഞ്ഞു. എങ്ങനെ നമ്പര്‍ കിട്ടിയെന്ന് ചോദിച്ചപ്പോള്‍ മറ്റൊരു സ്റ്റാഫിനെ വച്ച് എടുത്തുവെന്നായിരുന്നു അയാളുടെ മറുപടിയെന്ന് യുവതി പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ വിളിക്കുന്നുവെന്ന് പറഞ്ഞ് പിപിഇ കിറ്റ് ധരിച്ച ഒരാള്‍ എത്തി. സ്റ്റെയര്‍ ഇറങ്ങി വരാമെന്ന് പറഞ്ഞപ്പോള്‍ ലിഫ്റ്റില്‍ നിര്‍ബന്ധിച്ച് കയറ്റി. ലിഫ്റ്റ് തുറന്നപ്പോള്‍ ഇരുട്ടായിരുന്നു. ഇതിനിടെ അയാള്‍ തന്റെ ഷോള്ഡറില് പിടിച്ചു തള്ളി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലായിരുന്നു. തന്നോട് സംസാരിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. ഒരുവിധത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ലിഫ്റ്റില്‍ കയറി മുകളില്‍ എത്തിയപ്പോഴേക്കും ശരീരം വിയര്‍ത്ത് നാവ് കുഴഞ്ഞിരുന്നു. ആശുപത്രി അധികൃതരോട് കാര്യം പറഞ്ഞു. പൊലീസില്‍ വിളിക്കാന്‍ അവര്‍ തയ്യാറായില്ല. ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് അത്തോളി പൊലീസ് സ്റ്റേഷനിലെ നമ്പര്‍ കണ്ടെത്തി താന്‍ തന്നെ വിളിച്ചാണ് പരാതി പറഞ്ഞതെന്നും യുവതി കൂട്ടിച്ചേര്‍ത്തു.


