കയ്പമംഗലം: വഴിയമ്പലത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പുറപ്പെട്ട പമ്പുടമ മനോഹരന് ഗുരുവായൂരില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയേറെ. സംഭവത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘത്തെയും പോലീസ് സംശയിക്കുന്നുണ്ട്. ജില്ലയ്ക്കകത്തും പുറത്തുമുള്ള സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചുവരികയാണ് പോലീസ്.
മുന്‍പ് രണ്ടുതവണ ഇദ്ദേഹത്തിന്റെ ൈകയില്‍നിന്ന് പണം തട്ടാനുള്ള ശ്രമമുണ്ടായിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തിനുശേഷം മനോഹരന് പണം ൈകയില്‍ കൊണ്ടുപോകാറില്ല.
കാളമുറി പടിഞ്ഞാറ് അകംപാടത്താണ് മനോഹരന്റെ വീട്. പമ്പില്‍നിന്ന് മൂന്ന് കിലോമീറ്ററോളമേ വീട്ടിലേയ്ക്കുള്ളൂ. മനോഹരന് തനിച്ച് കാറില്‍ കയറിപ്പോകുന്നതിന്റെ ദൃശ്യം സി.സി.ടി.വി.യിലുണ്ട്. ഈ യാത്രയ്ക്കിടെ ആരെങ്കിലും കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി കൊലനടത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഈ ഭാഗത്തുള്ള മുഴുവന്‍ സി.സി.ടി.വി. ക്യാമറകളും അരിച്ചുപെറുക്കുകയാണ് പോലീസ്. ആരുമായും പരിധിയില്‍ കവിഞ്ഞ് അടുപ്പം കാണിക്കാത്ത മനോഹരന് ആരുമായും സാമ്ബത്തിക ഇടപാടുകളോ ബാധ്യതകളോ ഇല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.


