കൊച്ചി: കൊവിഡ് ജാഗ്രതാ നിര്‍ദേശം അവഗണിച്ച് ബിഗ് ബോസ് റിയാലിറ്റി ഷോ താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്കിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് നടപടികള്‍ തുടങ്ങി. രജതിനെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേലാമറ്റം സ്വദേശികളായ നിബാഫ്, മുഹമ്മദ് അഫ്സല് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അതീവജാഗ്രതയും കര്‍ശന നിരീക്ഷണവും നിലനില്‍ക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് രജിത് കുമാര്‍ ആരാധകര്‍ ഒത്തുകൂടിയ സംഭവം വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവത്തില്‍ സ്വീകരണത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ ഇന്നു രാവിലെ അറിയിച്ചിരുന്നു. സ്വീകരണത്തിനെത്തിയവരെ അറസ്റ്റ് ചെയ്യുമെന്ന് പിന്നീട് എറണാകുളം റൂറല്‍ എസ്പിയും വ്യക്തമാക്കി. ഇതിനായി പൊലീസ് സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും എസ്പി വ്യക്തമാക്കിയിരുന്നു.

