കൊച്ചിയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. മാള സ്വദേശിയായ അബ്ദുറഹ്മാന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അപകടത്തിലേക്ക് നയിച്ചത് ഓഡി കാര്‍ പിന്തുടര്ന്നതാണെന്ന മൊഴിയ്ക്ക് പിന്നാലെയാണ് ചികിത്സയിലായിരുന്ന അബ്ദുറഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. നേരത്തേ മോഡലുകള്‍ സഞ്ചരിച്ച വാഹനത്തെ പിന്തുടര്ന്നതായി ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു സമ്മതിച്ചിരുന്നു. അബ്ദുറഹ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും ഷൈജുവിനെതിരായ നടപടി.
ഡിജെ പാര്‍ട്ടി നടന്ന ഹാളിലും പാര്‍ക്കിങ് ഏരിയയിലും വച്ച് വാക്കുതര്‍ക്കം ഉണ്ടായിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. മോഡലുകളായ അന്‍സി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടല്‍ വിട്ടത് ഇതിനാലാകാമെന്നാണ് പൊലീസ് നിഗമനം.
സംഭവ ദിവസം മോഡലുകള്‍ പങ്കെടുത്ത പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലിന്റെ ഉടമയെ ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഉടന്‍ നോട്ടീസ് അയക്കും. ഡി.ജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ ഒളിപ്പിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ നീക്കം.
ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകള്‍ ഇവരെ പിന്തുടര്ന്നു. അപകടം നടന്ന സ്ഥലത്തേക്ക് കാറിനെ പിന്തുടര്ന്ന് ഹോട്ടലുടമ എത്തിയതായി പൊലീസ് സംശയിക്കുന്നു. സംശയങ്ങളുറപ്പിക്കാന്‍ ഹോട്ടലിലെ ദൃശ്യങ്ങള്‍ കിട്ടിയേ തീരൂവെന്ന നിലപാടിലാണ് പൊലീസ്. ഡിജെ പാര്‍ട്ടി നടന്ന ഹാളിലെയും പാര്‍ക്കിങ് ഏരിയയിലെയും ദൃശ്യങ്ങളാണ് വേണ്ടത്.
അതേസമയം, ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്സൈസ് റദ്ദാക്കി. നടപടി നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയതിനാലാണെന്നാണ് എക്സൈസ് നല്കുന്ന വിശദീകരണം.
നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോര്‍ട്ട്.


