വീണ്ടും ട്രെയിനിനുള്ളിൽ ടിടിഇയ്ക്ക് മർദനം. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് സംഭവമുണ്ടായത്. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്കാണ് മര്‍ദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാര്‍ മീണ. ഇന്നലെ രാത്രിയില്‍ ട്രെയിൻ തിരൂര്‍ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്.ടിക്കറ്റ് ചോദിച്ചപ്പോൾ യാത്രക്കാരൻ തന്റെ മൂക്കിന് ഇടിക്കുകയായിരുന്നെന്ന് വിക്രം കുമാർ മീണ പറഞ്ഞു.മൂക്കില്‍ നിന്ന് രക്തമൊഴുകി അത് തൂവാലയിലും ട്രെയിനിലെ തറയിലുമെല്ലാം കിടക്കുന്നത് സംഭവത്തിന് തൊട്ടുപിന്നാലെ പകര്‍ത്തിയ ചിത്രങ്ങളില്‍ വ്യക്തമായി കാണാം.ഇക്കഴിഞ്ഞ ഏപ്രിലിലാണ് നാടിനെ ഞെട്ടിച്ചുകൊണ്ട് പട്ന എക്സ്പ്രസിലെ ടിടിഇ വിനോദിനെ യാത്രക്കാരൻ കൊലപ്പെടുത്തിയത്. ഇതിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് പുതിയ സംഭവം. ഇതിന് ശേഷവും സമാനമായ പല സംഭവങ്ങളും ആവര്‍ത്തിച്ചിരുന്നു. ടിടിഇമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ട്രെയിൻ യാത്രയിലെ പൊതുവിലുള്ള സുരക്ഷിതത്വവുമെല്ലാം ഇതോടെ വീണ്ടും ചര്‍ച്ചയിലാവുകയാണ്.