തിരുവനന്തപുരം: എസ്എൻസി ലാവലിൻ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട റിട്ട. കെഎസ്ഇബി ചീഫ് എൻജിനീയർ കസ്തൂരിരങ്ക അയ്യർ (82) അന്തരിച്ചു.
ഇദ്ദേഹം സമർപ്പിച്ച ഹർജി സുപ്രീം കോടതിയില്‍ തീർപ്പാകാതെ ഇപ്പോഴും നില്ക്കുന്നു.
38 തവണയിലേറെയായി സുപ്രീം കോടതി കേസ് മാറ്റിവയ്ക്കുകയാണ്. കേസില്‍ വിചാരണ നേരിടണമെന്നു കോടതി വിധിച്ച മൂന്ന് പേരില്‍ ഒരാളാണ് കസ്തൂരിരങ്ക അയ്യർ. ഇന്നലെ രാത്രി കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.’എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’- എന്നായിരുന്നു കേസില്‍ 2017ല്‍ വിചാരണ നേരിടാനുള്ള വിധി വന്നപ്പോള്‍ അദ്ദേഹം പ്രതികരിച്ചത്.
കേസില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ വിചാരണ നേരിടേണ്ടതില്ലെന്നായിരുന്നു വിധി. എന്നാല്‍ അയ്യരടക്കം മൂന്ന് പേർ വിചാരണ നേരിടണമെന്നു വിധി വന്നു. പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ക്കും ഇളവു നല്‍കണമെന്നു ആവശ്യപ്പെട്ട് അയ്യരടക്കമുള്ളവർ ഇതില്‍ കക്ഷി ചേർന്നു. രണ്ട് ഹർജികളും നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ഭാര്യ.തങ്കo മക്കള്‍: ജ്യോതി, ഡോ. പ്രീതി, ഡോ. മായ. മരുമക്കള്‍: രാമസ്വാമി, ഡോ. പ്രശാന്ത്, ഡോ. രമേഷ്.


