കോഴിക്കോട്: കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാൻ മുഖ്യപ്രതി ജോളി ശ്രമിച്ചിരുന്നതായി അന്വേഷണ സംഘം. ഇതിനായി പള്ളി വികാരിയെ സമീപിച്ചിരുന്നുവെന്നും കല്ലറ തുറന്ന് പരിശോധിച്ചാൽ ആത്മാക്കൾക്ക് പ്രശ്നമുണ്ടാകുമെന്ന് കുടുംബങ്ങൾക്കിടയിൽ ജോളി പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൂടത്തായിയിലെ കല്ലറ തുറക്കുന്നതിന് ജോളി ഭയപ്പെട്ടിരുന്നുവെന്ന് സുഹൃത്ത് ഏലിയാമ്മയും പറഞ്ഞിരുന്നു. രണ്ടുദിവസം മുമ്പ് തന്നെ താന്‍ പിടിക്കപ്പെടുമെന്ന് ജോളി പറഞ്ഞിരുന്നു. ജോളി ഭയപ്പെട്ടിരുന്നുവെന്നും പരിഭ്രാന്തി കാണിച്ചിരുന്നുവെന്നും മക്കളുടെ കാര്യത്തില്‍ ജോളിക്ക് ആശങ്കയുണ്ടായിരുന്നുവെന്നും ഏലിയാമ്മ കൂട്ടിച്ചേർത്തു.
കോടഞ്ചേരി പള്ളിയിലെ പൊന്നാമറ്റം കുടുംബത്തിന്റെ കല്ലറകൾ ജില്ലാ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചതോടെയാണ് കൂടത്തായി കൊലപതാക പരമ്പരയുടെ ചുരുളഴിയുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യം സിസിലിയുടേയും മകൾ ആൽഫയുടേയും മൃതദേദഹമാണ് ക്രൈംബ്രാഞ്ച് കല്ലറ തുറന്ന് പുറത്തെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്.