കൊച്ചി: ഉദയംപേരൂരിൽ കാമുകിയെ വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ മൃതദേഹം വില്ലയിൽ സൂക്ഷിച്ചത് 14 മണിക്കൂർ. സെപ്റ്റംബർ 21നു പുലർച്ചെ രണ്ടു മണിയോടെ തിരുവനന്തപുരത്തെ പേയാട്ടെ വില്ലയിൽ വച്ച് വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ശുചിമുറിയിലേക്ക് മാറ്റിയശേഷം ഭർത്താവ് പ്രേംകുമാറും കാമുകി സുനിതയും കിടന്നുറങ്ങി. രാവിലെ, സുനിത പതിവുപോലെ ആശുപത്രിയിൽ ജോലിക്കു പോയി. പ്രേംകുമാറാകട്ടെ, കറങ്ങി നടന്നു സമയം കളഞ്ഞു. ക്ഷമകെട്ട്, പ്രേംകുമാർ തന്നെ 2 മണിയോടെ ആശുപത്രിയിലെത്തി സുനിതയെ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. മൃതദേഹം മറവു ചെയ്യാൻ, പ്രേംകുമാർ ഒരു സഹപാഠിയുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല.
വിദ്യയുടെ മൃതദേഹം 21നു വൈകിട്ട് പ്രേമും സുനിതയും ചേർന്ന് കാറിൽ കൊണ്ടുപോയി. മൃതദേഹം കാറിൽ കയറ്റി പിൻസീറ്റിൽ ഇരുത്തുകയായിരുന്നു.
മൃതദേഹം ചരിഞ്ഞു വീഴാതിരിക്കാൻ പിന്നിൽ തോളിൽ കയ്യിട്ട് സുനിതയും ഇരുന്നുവെന്ന് പൊലീസ് പറയുന്നു. തിരുനെൽവേലി – നാഗർകോവിൽ ദേശീയപാതയിൽ രാധാപുരം നോർത്ത് വള്ളിയൂരിൽ ഏർവാടി ഓവർബ്രിജിനു സമീപത്തെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.