പത്തുവയസുകാരി അച്ഛനില്‍ നിന്ന് ഗര്‍ഭിണിയായ സംഭവത്തില്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയാണ് കോടതി ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്.
ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുപ്പത്തിയൊന്ന് ആഴ്ച പിന്നിട്ടതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ അനസ്തേഷ്യ നല്‍കേണ്ടിവരുമെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് ഒരാഴ്ചയ്ക്കകം ഉചിതമായ നടപടിയെടുക്കാന്‍ തിരുവനന്തപുരത്തെ ആശുപത്രി അധികൃതര്‍ക്ക് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഉല്‍പ്പെട്ട ബെഞ്ച് നിര്‍ദേശം നല്‍കിയത്. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കാനും ഗര്‍ഭഛിദ്രം നടത്താനുള്ള സാധ്യതകളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിരുന്നു.
ശിശുവിന്റെ വളര്‍ച്ച 31 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭഛിദ്രം നടത്തിയാലും കുഞ്ഞ് ജീവനോടെയിരിക്കാനുള്ള സാദ്ധ്യത 80 ശതമാനമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് കോടതിയെ അറിയിച്ചത്. ഇതോടെ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും സജ്ജമാക്കി ഉചിതമായ നടപടി സ്വീകരിക്കാനാണ് ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയത്.
പുറത്തെടുക്കുന്ന ശിശുവിന് ജീവനുണ്ടെങ്കില്‍ പൂര്‍ണ തോതിലുള്ള മെഡിക്കല്‍ പരിചരണം ആശുപത്രി അധികൃതര്‍ നല്‍കണം. ഹര്‍ജിക്കാര്‍ക്ക് ഇതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെങ്കില്‍ സര്‍ക്കാരും കുട്ടികളുമായി ബന്ധപ്പെട്ട ഏജന്‍സിയും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പത്തുവയസുകാരിയെ പിതാവാണ് പീഡിപ്പിച്ചതെന്ന ആരോപണം സത്യമാണെങ്കില്‍ സമൂഹമൊന്നാകെ ലജ്ജിച്ചു തല താഴ്ത്തേണ്ട സാഹചര്യമാണുള്ളത്. നിയമ സംവിധാനം ഉചിതമായ ശിക്ഷ നല്‍കുമെന്ന ഉറപ്പുണ്ടെന്നും കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ ഭാവി സംരക്ഷിക്കാന്‍ ഗര്‍ഭഛിദ്രം അനിവാര്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരുന്നു.


