പാലാ: കൊറോണ ലക്ഷണങ്ങളുമായി പാലാ ജനറല്‍ ആശുപത്രിയിലെത്തിയയാള്‍ ചികിത്സയ്ക്കു കാത്തുനില്‍ക്കാതെ ആശുപത്രിയില്‍നിന്ന് മുങ്ങി. സൗദിയില്‍നിന്നെത്തിയ കുമളി സ്വദേശിയാണ് അധികൃതരറിയാതെ പോയത്. കഴിഞ്ഞ വ്യാഴാഴ്ചരാത്രി 11-ഓടെയാണ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ജലദോഷവും ചുമയുമടക്കം രോഗങ്ങളോടെ ഇയാള്‍ ചികിത്സ തേടിയത്. കൊറോണ ലക്ഷണമുള്ളതിനാല്‍ ലാബ് ടെസ്റ്റ് ഉള്‍പ്പെടെ കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലെ നിരീക്ഷണ വിഭാഗത്തിലേക്കുമാറ്റി. എന്നാല്‍, കൂടുതല്‍ പരിശോധനയ്ക്കുമുമ്ബ് രാത്രിയില്‍ത്തന്നെ പോയെന്ന് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
ഭാര്യയോടൊപ്പമാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. കുമളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടിയെന്നും അവിടെനിന്ന് വിദഗ്ധപരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് വിട്ടയച്ചതാണെന്നുമാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. കോട്ടയത്തേക്കുള്ള യാത്രാമധ്യേയാണ് പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിയതെന്നും പറഞ്ഞു. നല്കിയ മേല്‍വിലാസം ശരിയാണോയെന്നും സംശയമുയരുന്നുണ്ട്. ഇയാളെ കണ്ടെത്താന്‍ കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് അന്വേഷണം നടക്കുന്നുണ്ട്.


