കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കണം. കൃത്യമായ ഇടവേളകളില്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു. റോഡ് തങ്ങളുടേത് മാത്രമാണെന്നാണ് ചില ഡ്രൈവര്‍മാരുടെ ധാരണ, എങ്ങനെവേണമെങ്കിലും വാഹനമോടിക്കാമെന്ന് അവര്‍ വിചാരിക്കുന്നുവെന്ന് കോടതി പറഞ്ഞു. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.
കൊച്ചിയില്‍ കാല്‍നടക്കാര്‍ക്ക് ദുരിതയാത്രയാണെന്നും കോടതി വിമര്‍ശിച്ചു. നഗരത്തിലെ ഫുട്പാത്തുകള്‍ അപര്യാപ്തമാണ്. കാല്‍നടയാത്രക്കാര്‍ റോഡുകളിലൂടെ നടക്കാന്‍ നിര്‍ബന്ധിതരാകുന്നു ഫുട്പാത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നഗരത്തില്‍ സ്വകാര്യ ബസുകള്‍ക്ക് നിയന്ത്രണവുമായി ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. നഗരമേഖലയില്‍ ഹോണടിക്കുന്നത് തടയണം. ഓവര്‍ടേക്കിങ് കര്‍ശനമായി നിരോധിക്കണം. സ്വകാര്യ ബസുകള്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് പോകണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരുന്നത്.


