സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡന മരണം. തൃശൂര്‍ പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടില്‍ അമലിന്റെ ഭാര്യ അഫ്സാന (21) ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
മൂന്ന്പീടികയിലുള്ള ഫ്ലാറ്റില്‍ വെച്ചാണ് ആഗസ്ത് ഒന്നിന് അഫ്സാന അത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ ഇന്നലെ രാത്രിയില്‍ തന്നെ പൊലീസ് അഫ്സാനയുടെ ഭര്‍ത്താവ് അമലിനെ അറസ്റ്റ് ചെയ്തിരുന്നു. അമല്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
ഒന്നര വര്‍ഷം മുമ്പാണ് അമലും അഫ്സാനയും വിവാഹിതരാകുന്നത്. ദീര്‍ഘ കാലത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ഇതിനു ശേഷം സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കരൂപടന്ന സ്വദേശി കളാംപുരക്കല്‍ റഹീമിന്റെ മകളാണ് അഫ്സാന.


