കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സാക്ഷി വിസ്താരത്തിനായി നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാകുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും വിസ്താരം അന്ന് നടന്നിരുന്നില്ല. കേസില്‍ 178 പേരുടെ വിസ്താരമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. കേസില്‍ കാവ്യയുടെ മൊഴി നിര്‍ണായകമാണ്.
2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടി ആക്രമണത്തിനിരയാകുന്നത്. കേസില്‍ എട്ടാം പ്രതിയാണ് കാവ്യയുടെ ഭര്‍ത്താനും നടനുമായ ദിലീപ്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടിയിരുന്നു. സുപ്രിം കോടതി 2021 ആഗസ്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത മാസത്തോടെ സുപ്രീംകോടതി അനുവദിച്ച സമയം അവസാനിക്കും. എന്നാല്‍ വിചാരണ അതിവേഗത്തില്‍ തീര്‍ക്കാന്‍ സാധിക്കില്ലെന്നാണ് വിചാരണ കോടതി സുപ്രീം കോടതിക്ക് കത്തയച്ചിരിക്കുന്നത്.
കോവിഡ് മൂലം നടപടികള്‍ തടസപ്പെട്ടെന്നാണ് വിചാരണ കോടതി കത്തില്‍ പറഞ്ഞത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മേയില്‍ ആഴ്ചകളോളം കോടതി അടച്ചിടേണ്ട സാഹചര്യമുണ്ടായെന്നും വിചാരണ പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ നല്‍കിയത്. കേസില്‍ മുന്നൂറിലധികം സാക്ഷികളാണ് ഉള്ളത്.


