പാറശ്ശാല: കളയിക്കാവിളയിലെ പൊലീസുകാരന്റെ കൊലപാതകത്തിൽ കേരള – തമിഴ്നാട് പൊലീസ് അന്വേഷണം ഊർജിതമാക്കി. കേസിലെ പ്രതികളായ തൗഫീക്കും ഷെമീമും മുമ്പ് ജയിലിൽ കഴിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന മലയാളികൾ ഉള്ള്ളപ്പെടെയുള്ള തടവുകരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സംയുക്ത അന്വേഷണത്തിന്റെ ഏകോപനത്തിനായി കേരളാ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
പ്രതികൾക്ക് കേരളത്തിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യം സംഘം അന്വേഷിക്കും. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കന്യാകുമാരി സ്വദേശികളായ തൗഫീക്കും ഷെമീമും ഈ സംഘടനയിലെ അംഗങ്ങളാണ്. ഈ സംഘടനയിലെ ചിലരെ തമിഴ്നാട് ക്യൂ ബ്രാഞ്ച് പിടിച്ചതിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പൊലിസിന്റെ നിഗമനം.
പ്രതികൾക്കായി സംസ്ഥാനമെമ്പാടും ഊർജിത തെരച്ചിൽ നടത്തുകയാണ് കേരളാ പൊലീസ്. എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഈ യുവാക്കളുടെ ചിത്രങ്ങൾ അയച്ചിട്ടുണ്ട്. പരമാവധി പ്രദേശങ്ങളിൽ വാഹനപരിശോധന ഊർജിതമാക്കാൻ നിർദേശം കിട്ടിയിട്ടുണ്ട്. ഇവരുടെ പക്കൽ തോക്കുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിർദേശവുമുണ്ട്. വ്യക്തമായ ക്രിമിനൽ റെക്കോഡുകളുള്ള പ്രതികളാണ് ഇരുവരും. കൊലക്കേസ് പ്രതികളാണ്. ഇവർ ഉപയോഗിച്ചിരുന്ന വാഹനങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.


