ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരര് അറസ്റ്റില്‍. രാവിലെയാണ് തന്ത്രിയെ എസ്ഐടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്ത്രിയെ രാത്രിയോടെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയുടെ പങ്ക് സ്ഥിരീകരിക്കുന്ന കൃത്യമായ വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്തത്. മുമ്പ് രണ്ട് തവണ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തന്ത്രി ചില അസൗകര്യങ്ങൾ അറിയിച്ചിരുന്നു. തുടർന്നാണ് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞവർഷം ഒക്ടോബറിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
ഉണ്ണികൃഷ്ണന് പലപ്പോഴും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഉണ്ണികൃഷ്ണന് പോറ്റി പറയുന്നതനുസരിച്ച് തന്ത്രി ഒത്താശ ചെയ്തുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഗൂഢാലോചനയില്‍ കൃത്യമായ പങ്ക് തന്ത്രി കണ്ഠരര് രാജീവരിന് ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിക്ക് അറിവും സമ്മതവും ഉണ്ടായിരുന്നു.
എ പത്മകുമാര്‍, തന്ത്രി കണ്ഠരര് രാജീവരര്, ഉണ്ണികൃഷ്ണന് പോറ്റി എന്നിവര്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നാണ് എസ്ഐടി കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയെ പലയിടത്തും ശിപാര്‍ശ ചെയ്തത് തന്ത്രിയാണെന്ന് ചില ക്ഷേത്രം ഭാരവാഹികള്‍ എസ്ഐടിയ്ക്ക് മൊഴി നല്‍കിയിരുന്നു.


