തിരുവനന്തപുരം: വിദ്യാരംഭ നാളില്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന കുരുന്നുകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിശാലമായ അറിവിന്റെ ലോകത്തില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ഉയരാനാകട്ടെ. അറിവ് ആവോളം സ്വായത്തമാക്കാന്‍ സര്‍ക്കാറിന്റെ എല്ലാ പിന്തുണയും ഉണ്ടാകും.
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മലയാളികള്‍. പ്രീ – പ്രൈമറി തലം മുതല്‍ ശാസ്ത്രീയ രീതിയിലുള്ള വിദ്യാഭ്യാസത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കി വരികയാണ്. 9941 പ്രൈമറി സ്കൂളുകളില്‍ ഹൈടെക് ലാബ് നിര്‍മ്മിച്ചും 45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയും സ്കൂളുകള്‍ അന്താരാഷ്ട്രാനിലവാരത്തിലേക്ക് ഉയര്‍ത്തിയും പൊതു വിദ്യാഭ്യാസമേഖലയുടെ മുഖഛായ മാറ്റി.
ലോകം വളരുന്നതിനനുസരിച്ചുള്ള വിദ്യാഭ്യാസം പുതു തലമുറക്ക് ലഭ്യമാക്കാന്‍ അവസരം ഒരുക്കുകയാണ് നാം. അക്ഷരങ്ങളിലൂടെ അറിവിന്റെ പുതു ലോകത്തിലേക്ക് ചുവടുവെക്കുന്ന കുഞ്ഞുങ്ങളിലാണ് നമ്മുടെ നാടിന്റെ ഭാവി പ്രതീക്ഷകള്‍ക്ക് അര്‍ത്ഥമുണ്ടാകുന്നത്. അവരുടെ കുഞ്ഞു വിരലുകളില്‍ വിദ്യാരംഭവേളയില്‍ തെളിയുന്ന അക്ഷരങ്ങള്‍ കേരളത്തിന്റെ ഉത്തരോത്തര പുരോഗതിക്കുള്ള ഊര്‍ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


