സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. ഈ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്.
പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
* യാത്രാവേളയിലും പരീക്ഷാ ഹാളിലും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക
* പരീക്ഷയ്ക്ക് മുമ്പും ശേഷവും കൂട്ടുകാരുമൊത്ത് കൂട്ടംകൂടി നില്‍ക്കാതിരിക്കുക
* മാതാപിതാക്കള്‍ കഴിവതും വിദ്യാര്‍ത്ഥികളെ അനുഗമിക്കാതിരിക്കുക
* പരീക്ഷാഹാളില്‍ പഠനോപകരണങ്ങള്‍ പരസ്പരം പങ്കുവയ്ക്കാതിരിക്കുക.
* പരീക്ഷയ്ക്ക് ശേഷം ഹാളില്‍ നിന്ന് സാമൂഹിക അകലം പാലിച്ച് മാത്രം പുറത്തിറങ്ങുക
* ക്വാറന്റീന് സമയം പൂര്‍ത്തിയാക്കാത്തതും ചെറിയ രീതിയിലെങ്കിലും കൊവിഡ് ലക്ഷണങ്ങളുള്ളതുമായ വിദ്യാര്‍ത്ഥികള്‍ വിവരം പരീക്ഷാ കേന്ദ്രത്തില്‍ അറിയിക്കുക
ഈ വര്‍ഷം 4.22 ലക്ഷം വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്ററിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മുന്നൊരുക്കങ്ങളോടെയാണ് പരീക്ഷ നടക്കുക.


