തിരുവനന്തപുരം: കാട്ടക്കട സംഗീത് കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പോലീസുകാര്‍ക്ക് സസ്പെന്ഷന്. കാട്ടാക്കട സ്റ്റേഷന് എഎസ്ഐ അനില്‍കുമാര്‍, സിപിഒമാരായ ഹരികുമാര്‍, ബൈജു, സുകേഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. അക്രമവിവരം അറിഞ്ഞിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് നടപടി.
പോലീസിനു വീഴ്ച സംഭവിച്ചതായി വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മണ്ണുമാഫിയയുടെ അതിക്രമത്തില്‍ നിന്ന് രക്ഷതേടി സംഗീതും കുടുംബവും വിളിച്ചിട്ടും പോലീസ് എത്തിയില്ലെന്നാണു അന്വേഷണത്തിലെ കണ്ടെത്തല്‍. സംഗീത് വിളിക്കുന്നതു രാത്രി 12.50നാണ്. എന്നാല്‍ പോലീസ് എത്തിയത് രാത്രി 1.45നാണ്.
അപ്പേഴേക്കും സംഗീത് ആക്രമിക്കപ്പെട്ട് മൃതപ്രായനായിരുന്നു. എട്ട് കിലോമീറ്റര്‍ ദൂരമെത്താന്‍ പോലീസെടുത്തത് ഒരു മണിക്കൂറിലേറെ സമയമാണ്. പതിനഞ്ച് മിനിറ്റുകൊണ്ട് എത്താവുന്ന ദൂരം സഞ്ചരിക്കാന്‍ ഇത്രയും സമയമെടുത്തത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


