മക്കള്‍ ജീവനാംശം നല്‍കുന്നില്ലെന്ന അമ്മയുടെ പരാതിയില്‍, അധ്യാപികയായ മകളുടെ ശമ്പളത്തില്‍ നിന്നും തുക ഈടാക്കി നല്കാന് ഉത്തരവ്. ഒറ്റപ്പാലം സബ് കലക്ടറുടെ മെയിന്റനന്‍സ് ട്രൈബ്യൂണലിന്റേതാണ് ഉത്തരവ്. അമ്മയ്ക്ക് മകള്‍ നല്‍കേണ്ട 3,500 രൂപ അധ്യാപികയായ മകളുടെ ശമ്പളത്തില്‍ നിന്നും ഈടാക്കി അമ്മയ്ക്ക് നല്‍കണമെന്നാണ് ഉത്തരവ്. ഇതിനായി മകള്‍ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികയെ ചുമതലപ്പെടുത്തിക്കൊണ്ട് സബ് കലക്ടര്‍ ഡി ധര്‍മലശ്രീയാണ് ഉത്തരവിറക്കിയത്. മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടാമ്പി സ്വദേശിയായ എഴുപത്തി മൂന്നുകാരിയുടെ പരാതി തീര്‍പ്പാക്കിയത്.
73കാരിയായ അമ്മ ചെലവിനുവേണ്ടി നാല് മക്കളെയും എതിര്‍കക്ഷികളാക്കിയാണ് ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് നാല് മക്കളും ചേര്‍ന്ന് ജീവനാംശം നല്‍കണമെന്ന് 2016 ല്‍ ട്രിബ്യൂണല്‍ ഉത്തരവിട്ടു. എന്നാല്‍ പിന്നീട് രണ്ട് പേര് തുക നല്‍കുന്നില്ലെന്ന് അമ്മ വീണ്ടും പരാതി നല്കി. വിചാരണക്കൊടുവില്‍ സ്ഥിരവരുമാനം ഇല്ലാത്ത ഒരാളെ ഒഴിവാക്കുകയായിരുന്നു.
സര്‍ക്കാര്‍ സ്കൂള്‍ അധ്യാപികയായ മകള്‍ തുക നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അത് നടപ്പാക്കിയിരുന്നില്ല. അതിനാല്‍ 2021 ഓഗസ്റ്റില്‍ വീണ്ടും അമ്മ ട്രിബ്യൂണലിനെ സമീപിച്ചു. ജീവനാംശമായി 2016 മുതല്‍ നല്‍കേണ്ട തുക ഡിസംബര്‍ 30 നകം നല്‍കണമെന്നും 3,500 രൂപ പ്രതിമാസം ശമ്പളത്തില്‍ നിന്നും ഈടാക്കുമെന്നും ഉത്തരവിട്ടു. 1.26 ലക്ഷം രൂപയാണ് 2016 മുതല്‍ മകള്‍ നല്‍കേണ്ടത്. അത് സമയ പരിധിക്കകം നല്‍കണമെന്നും അല്ലാത്ത പക്ഷം സ്വത്ത് കണ്ടുകെട്ടാന്‍ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തക്കിമാക്കി.


