കാറില്‍ ചാരി നിന്നതിനെ ആറുവയസുകാരനെ മര്‍ദ്ദിച്ച കേസില്‍ തലശ്ശേരി പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേഷനിലെത്തിച്ച പ്രതിയെ വിട്ടയച്ചത് വീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലശ്ശേരി എസ്എച്ച്ഒ എം അനിലിനും ഗ്രേഡ് എസ്ഐമാര്‍ക്കും റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
കുട്ടിയെ ചവിട്ടി വീഴ്ത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞിട്ടും ഗൗരവമായി എടുത്തില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. കണ്ണൂര്‍ റൂറല്‍ എസ്പി പി ബി രാജീവ്, എഡിജിപിക്ക് റിപ്പോര്‍ട്ട് നല്കി.
രാത്രിയില്‍ ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് തലശ്ശേരി സ്റ്റേഷനില്‍ എത്തിക്കുന്നു. പക്ഷേ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തില്ല എന്ന് മാത്രമല്ല പിന്നീട് അയാളെ വിട്ടയക്കുകയും ചെയ്തു. പിറ്റേന്ന് ഹാജരാവുക എന്ന നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചത്. ഈ വിഷയത്തില്‍ രണ്ട് എഎസ്ഐമാര്‍ക്കും എസ്എച്ച്ഒയ്ക്കും വീഴ്ച സംഭവിച്ചു എന്നതാണ് റിപ്പോര്‍ട്ടിലുള്ളത്. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് വാഹനത്തില്‍ അങ്ങോട്ടേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. പക്ഷേ വാഹനത്തിന് ചുമതല നല്‍കിയത് ഒരു സിപിഒയ്ക്കാണ്. അതും വീഴ്ചയാണ്. സംഭവസ്ഥലത്ത് പോയിട്ടും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായും പ്രവര്‍ത്തിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റേഷന്റെ ആകെ ഉത്തരവാദിത്വമുള്ള എസ്എച്ച്ഒ വിഷയത്തില്‍ കാര്യഗൗരവത്തോടെ ഇടപെട്ടില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.
നവംബര്‍ മൂന്നിന് വൈകിട്ടാണ് ആറുവയസുകാരനെ യുവാവ് ക്രൂരമായി ആക്രമിച്ചത്. തന്റെ കാറില്‍ ചവിട്ടിയെന്നാരോപിച്ച് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് രാജസ്ഥാന് സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തില്‍ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു.
കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കില്‍ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.


