കോഴിക്കോട് ഉണ്ണികുളത്ത് പീഡനത്തിനിരയായ ആറു വയസുകാരിയെ സംസ്ഥാന ബാലാവകാശ കമ്മീഷന് സന്ദര്‍ശിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗങ്ങള്‍ ആയ കെ. നസീര്‍, ബി. ബബിത എന്നിവരാണ് പീഡനത്തിനിരയായ കുട്ടിയെ സന്ദര്‍ശിച്ചത്. നേപ്പാള്‍ സ്വദേശിയായ പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് ബാലാവകാശ കമ്മീഷന് കുഞ്ഞിനെ സന്ദര്‍ശിച്ചത്. സംഭവത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുത്ത് ഉത്തരവാദപ്പെട്ടവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സന്ദര്‍ശനത്തിന് ശേഷം ബാലവകാശ കമ്മീഷന് അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിക്ക് വിദഗ്ദ ചികിത്സ നല്കാന് വേണ്ട സംവിധാനങ്ങള്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ വിദഗ്ദ സംഘമാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്.
സംഭവത്തില്‍ ബാലവകാശ കമ്മീഷന്റെ ഇടപെടല്‍ വൈകിയിട്ടില്ല. തിങ്കളാഴ്ച പീഡനം നടന്ന കുട്ടിയുടെ വീട് സന്ദര്‍ശിക്കും. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുമെന്നും ബാലാവകാശ കമ്മീഷന് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് പൊലീസിനോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ആറു വയസുകാരിയെ പീഡിപ്പിച്ച പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സ്റ്റേഷനിലെ മുകള്‍ നിലയില്‍ നിന്നും താഴേക്കു ചാടിയാണ് പ്രതി രതീഷ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രതീഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. റൂറല്‍ എസ്പി, പി.എ ശ്രീനിവാസ് സ്റ്റേഷനില്‍ ഇരിക്കെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ഉണ്ണികുളത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അയല്‍വാസി അറസ്റ്റിലാകുന്നത്. 32 കാരനായ നെല്ലിപ്പറമ്പില്‍ രതീഷ് ആണ് അറസ്റ്റിലായത്.


