ആലുവ:എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി മലയാളിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ജയില്‍വാസം അനുഭവിച്ചിട്ടുള്ള ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയെ കാണാതായതോടെ കുടുംബവും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുകയാണെന്ന് മനസ്സിലാക്കിയതോടെയാണ് അക്രമി ഉപേക്ഷിച്ചുപോയതെന്നാണ് വിവരം.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. ഇയാളുടെ ചിത്രം പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞു. ഇയാൾ പ്രദേശവാസിയാണെന്നും വിവരമുണ്ട്. എന്നാൽ ഒരു വിഭാഗം നാട്ടുകാർ ഈ വാദം തള്ളി. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചിൽ തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ കുട്ടിയുടെ കരച്ചില് കേട്ടെന്ന് ദൃക്സാക്ഷി പറയുന്നു. ഒരാള്‍ കുട്ടിയുമായി പോകുന്നത് ഇയാള്‍ ജനലിലൂടെ കണ്ടു. ഇതോടെ വീട്ടുകാരേയും പൊലീസിനേയും വിവരമറിയിക്കുകയായിരുന്നു. വിവസ്ത്രയായി രക്തമൊലിപ്പിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് ദൃക്സാക്ഷിയുടെ വീട്ടിലേക്ക് കുട്ടിയെ മാറ്റി. പൊലീസെത്തിയാണ് കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.