എസ്എടി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പിതാവിനും മകനും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ക്രൂര മര്‍ദ്ദനം. ആംബുലന്‍സിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് പൊലീസുകാരുടെ മുന്നിലിട്ടായിരുന്നു മര്‍ദ്ദനം. ചന്തവിള സ്വദേശി റഹീസ് ഖാനും കുടുംബത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.
ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സംഘം അത്യാഹിത വിഭാഗത്തില്‍ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് റഹീസിനെയും മകനെയും സഹോദരനേയും മര്‍ദ്ദിച്ചത്. പൊലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. നേരത്തെ ആംബുലന്‍സ് ഇടിച്ച് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഏഴ് വയസുള്ള മകളെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.
ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായും, ഇവര്‍ റഹീസിന്റെ ഭാര്യയെയും മക്കളെയും അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു. അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന മറ്റൊരാളാണ് ഈ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു കാരണവുമില്ലാതെയാണ് തങ്ങളെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആക്രമിച്ചതെന്നും റഹീസ് പറഞ്ഞു.
വണ്ടി ഓടിക്കുന്നത് ഇങ്ങനെയാണോ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞിട്ടും അവര്‍ മര്‍ദ്ദനം നിര്‍ത്തിയില്ല. മൂത്ത മകനെയും അവര്‍ മര്‍ദ്ദിച്ചു. തന്നെയും സഹോദരനെയും കൂട്ടം കൂടി മര്‍ദ്ദിക്കുകയായിരുന്നുവെന്നും റഹീസ് പറഞ്ഞു. തനിക്കും സഹോദരനും ക്രൂരമര്ദ്ദനമാണേറ്റതെന്നും, കുഞ്ഞിന്റെ ഓപ്പറേഷന് പോലും പൈസ ഇല്ലാത്ത അവസ്ഥയിലാണ് ഈ അനുഭവമുണ്ടായിരിക്കുന്നതെന്നും റഹീസ് പറയുന്നു.


