യുവ സംവിധായക നയന സൂര്യയുടെ മരണം സംബന്ധിച്ച് ആദ്യം അന്വേഷിച്ച സംഘത്തിന്റെ വീഴ്ചകള്‍ അക്കമിട്ട് പറഞ്ഞ പുതിയ അന്വേഷണ സംഘം. നയന ഉള്‍പ്പെടെ അഞ്ച് പേരുടെ ഫോണ്‍ വിശദാംശങ്ങള്‍ മാത്രമാണ് അന്വേഷണ സംഘം എടുത്തത്. വിശദമായ അന്വേഷണം നടത്തിയില്ല. ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുറിച്ചും അന്വേഷണമുണ്ടായില്ല. ഇവരുടെ കോള്‍ വിശദാംശങ്ങള്‍ ശേഖരിച്ചില്ലെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിക്കുന്നു.
പ്രധാന തെളിവുകളൊന്നും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലേയും മൃതദേഹത്തിലേയും വിരലടയാളങ്ങള്‍ ശേഖരിച്ചില്ല, നയനയുടെ പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ അന്വേഷിച്ചില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നയന മരിച്ചുകിടന്ന മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നുവെന്ന കണ്ടെത്തല്‍ തെറ്റാണെന്നും പൊലീസ് പറഞ്ഞു.
കഴുത്തിലുണ്ടായ മുറിവ് സ്വയം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാനാവില്ലെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. കമ്പ്യൂട്ടറും ലാപ് ടോപ്പും മൊബൈലും ഫോറന്‍സിക് പരിശോധനക്ക് നല്കി. മുറി അകത്ത് നിന്ന് പൂട്ടിയെന്ന മ്യൂസിയം പൊലീസിന്റെ ന്യായം തെറ്റാണെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. മുറിക്കുളളില്‍ ലൈറ്റും ഫാനുമുണ്ടായിരുന്നില്ല. നയനയുടെ വീട്ടിലെ സന്ദര്‍ശകരെ കുറിച്ച് ആദ്യ അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും സാമ്പത്തിക ഉറവിടം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചു. ഡിസിആര്‍ബി അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ ഉള്ളത്.
രോഗമാണ് മരണകാരണമെന്ന നിഗമനത്തിലേക്കെത്തിയത് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കാതെയാണെന്നും പുതിയ അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നയനയുടെ അടിവയറ്റിലുളള പരുക്കും കഴുത്തിലെ ഒരു മുറിവും അതി?ഗുരുതരമാണെന്നും കൊലപാതക സാധ്യത തളളിക്കളയാനാവില്ലെന്നുമാണ് വിലയിരുത്തല്‍. നയനയുടെ മരണത്തില്‍ മുന്‍ കന്റോണ്‍മെന്റ് എസിപി സുനീഷ് ബാബുവായിരുന്നു അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയിരുന്നത്.
2019 ഫെബ്രുവരി 23ന് രാത്രിയിലാണ് സുഹൃത്തുക്കള്‍ നയനയെ അബോധാവസ്ഥയില്‍ ആല്‍ത്തറയിലുളള വാടകവീട്ടിനുള്ളില്‍ കണ്ടെത്തിയത്. പൂട്ടിയിരുന്ന വാതിലുകള്‍ തുറന്നാണ് അകത്ത് കയറിയതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം കണ്ടെത്തിയ മുറി തള്ളിതുറന്നുവെന്നാണ് മൊഴി. അകത്ത് നിന്നും കുറ്റിയിട്ടിരുന്നോയെന്ന കാര്യത്തില്‍ ആദ്യ അന്വേഷണത്തില്‍ കൃത്യയില്ലെന്നാണ് തുടരന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീട്ടുടമയുടെ കൈവശമുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് വീട്ടിന്റെവാതില് തുറന്നത്. അങ്ങനെയെങ്കില്‍ നയന ഉപയോഗിച്ചിരുന്ന താക്കോല്‍ എവിടെയെന്ന് മഹസറില്‍ പറയുന്നില്ല.
22ന് രാത്രി അമ്മയുമായി നയന അരമണിക്കൂര്‍ സംസാരിച്ചിട്ടുണ്ട്. അതിന് ശേഷം മറ്റാരെയും ഫോണ്‍ വിളിച്ചിട്ടുമില്ല. ശാസ്ത്രീയമായി തുടക്കം മുതല്‍ അന്വേഷണം വേണമെന്നും ഇതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തണമെന്നുമാണ് പുതിയ സംഘത്തിന്റെ വിലയിരുത്തല്‍.


