കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി ദേവസ്വം ബഞ്ചിന്റെ പരിഗണനയില്‍ വരുന്നത്. മണ്ഡലകാലത്ത് താല്‍ക്കാലികമായി 1680 പേരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.1650 പേരെ സന്നിധാനത്തും 30 പേരെ നിലയ്ക്കലും നിയമിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ശബരിമല സ്ത്രീ പ്രവേശനമടക്കമുള്ള വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ മണ്ഡലകാലത്ത് താല്കാലികമായി 1680 പേരെ നിയമിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കും. നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമസംഭവങ്ങളുടെ വീഡിയോ ദ്യശ്യങ്ങളും പോലിസ് കോടതിയില്‍ ഹാജരാക്കിയേക്കും. 
മതവിശ്വാസനത്തിനുള്ള സ്വാതന്ത്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ചൂണ്ടികാട്ടിയുള്ള ഹരജിയും കോടതി പരിഗണിക്കും. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ പോലീസ് സമയക്രമീകരണം നടത്തുന്നത് വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഹരജിക്കാരന്റെ വാദം. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയോയും എതിര് കക്ഷികളാക്കിയാണ് ഹരജി. ഈ ഹരജിയിലും സര്‍ക്കാര്‍ നിലപാടറിയിക്കും.

