തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. രാവിലെ ഒന്‍പതിനാണ് ബജറ്റ് അവതരണം.ക്ഷേമപെന്ഷന് കുടിശികയുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പു പടിവാതിലില്‍ എത്തിനില്‍ക്കേ വര്‍ധിപ്പിക്കണമെന്ന സമ്മര്‍ദം ധനമന്ത്രിക്കു മേല്‍ ശക്തമാണ്.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ നികുതിയേതര വരുമാനംവര്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാ ണു പ്രതീക്ഷിക്കുന്നത്.അടഞ്ഞു കിടക്കുന്ന വീടുകള്‍ക്കും വെറുതെ യിട്ടിരിക്കുന്ന പറമ്പുകള്‍ക്കും പ്രത്യേക നികുതി ഏര്‍പ്പെടുത്തണമെ ന്ന നിര്‍ദേശവും ചിലപ്പോള്‍ പരിഗണനയ്ക്കു വന്നേക്കും.
ഒരുമാസത്തെ പെന്ഷന് കൊടുക്കാന്‍ പോലും ഇന്ധന സെസ് ഇനത്തില്‍ പിരിക്കുന്ന തുക തികയാത്ത സാഹചര്യത്തില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനം തെരഞ്ഞെടുപ്പു വര്‍ഷങ്ങളിലെങ്കിലും ഒഴിവാക്കണമെന്ന സമ്മര്‍ദത്തിനു ധനമന്ത്രി ഇന്നത്തെ ബജറ്റില്‍ വഴങ്ങുമോയെന്നും കാത്തിരിക്കേണ്ടതുണ്ട്.
സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകുമെന്നാണു ധനവകുപ്പു വൃത്തങ്ങള്‍ നല്കുന്ന സൂചന. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി കമ്മീഷനെ പ്രഖ്യാപിച്ചേക്കുമെന്ന സൂചനകളുമുണ്ട്. അഞ്ചു വര്‍ഷത്തിലൊരിക്കലാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്.
സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കേ കഴിഞ്ഞ ബജറ്റില്‍ സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കു പ്രഖ്യാപിച്ച പണത്തിന്റെ മൂന്നിലൊന്നു പോലും നല്‍കിയില്ല. ആശ്വാസകിരണം അടക്കമുള്ള പദ്ധതികള്‍ക്ക് 2023ലെ ബജറ്റില്‍ വകയിരുത്തിയ തുകയുടെ മൂന്നിലൊന്നു പോലും നല്‍കിയിട്ടില്ല.
ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്നവരെയും കിടപ്പു രോഗികളെയും പരിചരിക്കുന്ന ബന്ധുക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ആശ്വാസകിരണം പദ്ധതിക്കായി 54 കോടി രൂപയാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ധനവകുപ്പ് അനുവദിച്ചത് 15 കോടി രൂപ മാത്രവും. ഇതില്‍ 14.99 കോടി രൂപ ചെലവഴിച്ചതായാണ് സാമൂഹിക നീതി വകുപ്പു പറയുന്നത്. പ്രഖ്യാപിച്ചതിന്റെ മൂന്നിലൊന്നു പോലും തുക ലഭിച്ചില്ലെന്നു ചുരുക്കം. ആശ്വാസകിരണം പദ്ധതി പ്രകാരം 600 രൂപയാണ് പ്രതിമാസ സഹായമായി ലഭിക്കുന്നത്. ഇപ്പോള്‍ ഒന്നര വര്‍ഷത്തിലേറെയാണ് കുടിശികയുള്ളത്.
സാമൂഹിക സുരക്ഷാ മിഷന് വഴി നടപ്പാക്കുന്ന സ്നേഹസ്പര്‍ശം, സ്നേഹസാന്ത്വനം, വി കെയര്‍, മിഠായി, ഓര്‍മ്മത്തോണി, മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങിയവയ്ക്കും പ്രഖ്യാപിച്ച ഫണ്ട് മുഴുവനായി വിതരണം ചെയ്തിട്ടില്ല. സ്നേഹസ്പര്‍ശം പദ്ധതിക്ക് പ്രഖ്യാപിച്ച രണ്ടു കോടിയില്‍ 1.5 കോടി മാത്രമാണു നല്‍കിയത്. ചെലവഴിച്ചതാകട്ടെ ഒരു കോടി രൂപ മാത്രവും.
17 കോടി രൂപ സ്നേഹസാന്ത്വനം പദ്ധതിക്കു കഴിഞ്ഞ ബജറ്റില്‍ നീക്കിവച്ചെങ്കില്‍ ചെലവഴിച്ചതാകട്ടെ 8.84 കോടി രൂപ മാത്രവും. ഒരു കോടി നീക്കിവച്ച വി കെയറില്‍ ചെലവഴിച്ചത് വെറും 7.1 ലക്ഷം മാത്രമെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച ഒരു കോടിയില്‍ 23.76 ലക്ഷം മാത്രമാണ് സാമൂഹിക നീതി വകുപ്പു ചെലവഴിച്ചതത്രേ.


