തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രമുള്ളപ്പോഴാണ് ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായാണ് നിയന്ത്രണം. കഴിഞ്ഞ മാസം 20 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രളയത്തിന് അനുവദിച്ച പണം പോലും മാറാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാല്‍ ശമ്പള ദിവസങ്ങളിലെ സാധാരണനിയന്ത്രണം മാത്രമാണിതെന്നാണ് ധനവകുപ്പിന്റ വിശദീകരണം.
സാമ്പത്തിക വര്‍ഷം അവസാനിക്കാറായതിനാല്‍ വലിയ തുക മാറാന്‍ വരുന്നതിനാലാണ് നിയന്ത്രണം കര്‍ശനമാക്കിയത്. ട്രഷറി നിയന്ത്രണം വന്നതോടെ പദ്ധതി നിര്‍വ്വഹണത്തില്‍ പല പഞ്ചായത്തുകള്‍ക്ക് 100 ശതമാനം നേട്ടം കൈവരിക്കാന്‍ കഴിയില്ല. ഈ മാസം കണ്ടിജന്‍സി ബില്ലുകള്‍ പൂര്‍ണ്ണമായും തടയനാണ് നിര്‍ദ്ദേശം. അതായത് തദ്ദേശഭരണ സ്ഥാപനങ്ങള്‍, കര്‍ഷകസംഘങ്ങള്‍ എന്നിവയുടെ ബില്ലുകളൊന്നും 25 -ാം തിയതി മുതല്‍ മാറുന്നില്ല. ജനുവരി 12 മുതല്‍ ഒരു ബില്ലും മാറുന്നില്ലെന്നാണ് തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരാതി. ശമ്പളതീയതി കഴിഞ്ഞതിന് ശേഷം മാത്രമേ ബില്ലുകള്‍ മാറാവുവെന്നാണ് ട്രഷറികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിയന്ത്രണം മൂലം കര്‍ഷകരും ബുദ്ധിമുട്ടിലാണ്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരമൊരു നിര്‍ദ്ദേശമെന്നാണ് സൂചന. നിരോധനമില്ലെന്ന് വിശദീകരിച്ച ധനവകുപ്പ് എല്ലാ മാസവും ഒമ്പത് വരെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാറുണ്ടെന്ന് വ്യക്തമാക്കി.

