കൊച്ചി: ഹര്‍ത്താല്‍ ദിവസം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിന് സംരക്ഷണം വേണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംസ്ഥാന കൂട്ടായ്മ. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ സംഘടനകളുടെ കൂട്ടായ്മ തീരുമാനം അറിയിച്ചത്. വ്യാപാര മേഖലയില്‍ നിന്ന് ഉള്‍പ്പടെ ഹര്‍ത്താല്‍ വിരുദ്ധ നിലപാടുകള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയും നിലപാടെടുത്തത്.
ആവശ്യത്തിന് അധ്യായന ദിവസങ്ങളില്ലാത്തത് കുട്ടികളുടെ പഠനത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യം രാഷ്ട്രീയ കക്ഷികളെ ശ്രദ്ധയില്‍പ്പെടുത്താനാണ് തീരുമാനം.

അണ് എയ്ഡഡ്, എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയുടേതാണ് തീരുമാനം. സര്‍ക്കാര്‍ ഇതര വിദ്യാഭ്യാസ മേഖലയില്‍ 10,000 അധികം സ്കൂളുകളിലായി 40 ലക്ഷത്തിലധികം കുട്ടികളാണ് പഠിക്കുന്നത്. സിലബസ് പ്രകാരമുള്ള അധ്യായനം പൂര്‍ത്തിയാക്കാന്‍ വേണ്ടത് 220 പ്രവര്‍ത്തി ദിവസങ്ങളാണ്.
പ്രാദേശികം ഉള്‍പ്പടെ കഴിഞ്ഞ വര്‍ഷം സംസ്ഥാനം നേരിട്ടത് 90 മുതല്‍ 120 ഹര്‍ത്താലുകളാണ്. ഈ രീതിയില്‍ അധ്യായനം മുടങ്ങുന്നത് ഇനി തുടരാനാകില്ലെന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലപാട്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് പിടിഎയുടെ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്.


