കണ്ണൂര്‍ തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് പിഞ്ചുബാലനെ തൊഴിച്ചു തെറിപ്പിച്ച സംഭവത്തില്‍ ഒടുവില്‍ അലംഭാവം വെടിഞ്ഞ് പൊലീസ്. കുട്ടിയെ ആക്രമിച്ച പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. മണിക്കൂറുകളോളം അനങ്ങാതിരുന്ന പൊലീസ് ഇന്ന് രാവിലെയാണ് മുഹമ്മദ് ശിഹ്ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തലശ്ശേരി എഎസ്പി നിഥിന് രാജിന്റെ നേതൃത്യത്തില്‍ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് പൊലീസ് അലംഭാവം വെടിഞ്ഞ് നടപടി എടുത്തത്. സംഭവത്തില്‍ കേസെടുക്കുമെന്ന് ബാലാവകാശ കമ്മീഷനും വ്യക്തമാക്കി. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. പ്രതിക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാലാണ് ആദ്യം കസ്റ്റഡിയിലെടുക്കാത്തതെന്നും ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തില്‍ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ആക്രമിക്കപ്പെട്ടത്. കുട്ടിയെ ആക്രമിക്കുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്തു.
കാറിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കുട്ടി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ന്യായമാണ് ഇയാള്‍ ഉന്നയിച്ചത്. പിന്നാലെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, പൊലീസ് ഇയാള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. മുഹമ്മദ് ശിഹ്ഷാദിനെ വിട്ടയച്ച പൊലീസ്, രാവിലെ എട്ടിന് ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു. സമീപത്തെ പാരലല്‍ കോളജിന്റെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തെ അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടിക്കും കുടുംബത്തിനുമൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് തലശേരിയിലെ സംഭവം. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന് സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്ക്കും’. മന്ത്രി പ്രതികരിച്ചു.


