പത്തനംതിട്ട: ചിത്തിര ആട്ടത്തിരുന്നാളിന് നാളെ ശബരിമല നട തുറക്കാനിരിക്കെ പ്രതിഷേധക്കാരെ കുടുക്കാന്‍ ഹൈടെക്ക് വിദ്യ ഒരുക്കി പോലീസ്. മുതിര്‍ന്ന വനിതകളെ മുന്‍നിര്‍ത്തി പ്രതിഷേധിക്കാന്‍ ആണ് പ്രതിഷേധക്കാരുടെ നീക്കമെന്ന് ഇന്റലിജന്‍സ് ബ്യൂറോ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തി പ്രതിഷേധക്കാരെ എളുപ്പം കണ്ടെത്താനുള്ള വിദ്യയാണ് പോലീസ് ഉപയോഗിക്കുന്നത്. 
ഫേസ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയാണ് ഡിജിറ്റല്‍ കെണിയായി പോലീസ് ഉപയോഗിക്കുക. പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങള്‍ പുതിയതായി സ്ഥാപിക്കുന്ന ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളില്‍ സ്ഥാപിച്ചിട്ടുണ്ട്. വീഡിയോയില്‍ പതിയുന്ന ഓരോ മുഖവും കമ്പ്യൂട്ടര്‍ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫേസ് ഡിറ്റക്ഷന്‍.
പുതിയതായി സ്ഥാപിക്കുന്ന 22 ക്യാമറകളില്‍ 12 എണ്ണത്തിലാണ് ഫേസ് ഡിറ്റക്ഷന്‍ ഉള്ളത്. ഇത് ആള്‍ക്കാരുടെ ഉയരത്തിനൊപ്പിച്ച് പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് സ്ഥാപിച്ചു. മുമ്പ് കേസില്‍ പെട്ടവര്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ എത്തിയാല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ സോഫ്റ്റ്വെയര് ഉടന്‍ പൊലീസിന് അറിയിപ്പ് നല്‍കും. താടിയുടെയോ മുടിയുടെയോ രീതി മാറ്റിയാല്‍ പോലും ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളെ വെട്ടിക്കാന്‍ പറ്റില്ല.

