ഈരാറ്റുപേട്ട : പ്രസവത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നേഴ്സ് ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂര് പീതാംബരന്റെയും ഓമനയുടെയും മകള്‍ ആര്യമോള് (27) ആണു മരിച്ചത്. ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പരാതി നല്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്സായ ആര്യമോളെ 22-ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് 26നു കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11.30നു ആര്യ മരിച്ചു.ചാരുംമൂട് അശോകഭവനില്‍ അശ്വജിത്താണ് ആര്യയുടെ ഭര്‍ത്താവ്.