തിരുവനന്തപുരം ആര്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പില്‍ മുന്‍ മാനേജര്‍ എസ്. ബിജുകുമാര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് സംഘമാണ് ബിജുവിനെ വീട്ടില്‍ നിന്ന് അറസറ്റ് ചെയ്ത്. സ്ഥിരം നിക്ഷേപകരുടെ പേരില്‍ വ്യാജ രേഖകളുപയോഗിച്ച് ആറ് കോടിയോളം രൂപ തട്ടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
ആര്യനാട് സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ഭരണസമിതി അംഗം കൂടിയായ ശശിധരന് വായ്പ തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടിസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. മൂന്ന് ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു ശശിധരന് ലഭിച്ച നോട്ടിസില്‍ വ്യക്തമാക്കിയിരുന്നത്. ഇങ്ങനെ 185ല്‍ അധികം പേരുടെ സ്ഥിര നിക്ഷേപ സര്ട്ടിഫിക്കറ്റുകള്വച്ച് അവരറിയാതെ ജീവനക്കാര്‍ വായ്പയെടുത്തു എന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തല്‍.
ബിജുകുമാര്‍ പ്രഭാത സായാഹ്ന ശാഖയുടെ മാനേജരായിരുന്ന 2017-20 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. ഇടത് ഭരണ സമിതിയാണ് ബാങ്ക് ഭരിച്ചിരുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബിജുവിനെ ബാങ്കില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.


