തൊടുപുഴ : ഇടുക്കി ജില്ലാ പോലീസ് മേധാവി കെ. ബി. വേണുഗോപാലിനെ സര്‍വ്വീസില്‍ നിന്നും നീക്കം ചെയ്യണമെന്നും ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും മുന്‍ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട കുമാര്‍ നാല് ദിവസം നെടുങ്കണ്ടം പോലീസിന്റെ കസ്റ്റഡിയിലുണ്ടായിട്ടും താന്‍ അറിഞ്ഞില്ലെന്ന എസ്.പി.യുടെ മറുപടിയും വിശദീകരണവും വിശ്വസനീയമല്ല. കസ്റ്റഡിയിലെടുത്ത വിവരം എസ്.പി.യേയും മറ്റ് ഉദ്യോഗസ്ഥരെയും യഥാസമയം അറിയിച്ചതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
കള്ളം പറഞ്ഞുകൊണ്ട് കീഴുദ്യോഗസ്ഥരുടെയും നിരപരാധാകളുടെയും നാട്ടുകാരുടെയും തലയില്‍ വച്ച് രക്ഷപ്പെടാനാണ് എസ്.പി. ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ഉരുട്ടിക്കൊലയുടെ മുഖ്യഉത്തരവാദിത്വം എസ്.പി.യ്ക്കാണ്. കുമാറിനെ കൊണ്ട് മാത്രം ഇത്രയും വലിയ തട്ടിപ്പ് നടത്തുവാന്‍ കഴിയുമോ എന്നതും, കുമാറിന് പിന്നില്‍ മറ്റേതെങ്കിലും വമ്പന്മാര് മറഞ്ഞിരിപ്പുണ്ടോ എന്നതും കുമാര്‍ വെറും ബിനാമി മാത്രമായിരുന്നോ എന്നതുമൊക്കെ ഇപ്പോഴും ദുരൂഹമായി നിലനില്ക്കുന്നു. തട്ടിപ്പിലൂടെ കിട്ടിയ പണം കണ്ടെടുക്കാനോ, അത് എവിടെയാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുമാറിനെ കൊലപ്പെടുത്തിയത് പോലീസ് പണം തട്ടിയെടുക്കുന്നതിനാണോ അതോ കുമാറിന് പിന്നിലുള്ള യഥാര്‍ത്ഥ തട്ടിപ്പുകാരെ രക്ഷിക്കുന്നതിന് വേണ്ടിയാണോ എന്നുള്ളതും അന്വേഷിക്കണം. ഇപ്പോഴുള്ള അന്വേഷണ സംഘത്തെ കൊണ്ട് ഇത് സാധ്യമല്ല. കേസ് വഴിതിരിച്ചു വിടുന്നതിനും നാട്ടുകാരുള്പ്പടെയുള്ളവരെ പ്രതിയാക്കുന്നതിനുമാണ് ഇപ്പോഴത്തെ അന്വേഷണ സംഘം ശ്രമിക്കുന്നത്. അതിനാല്‍ ഇത് സംബന്ധിച്ച് ഇടുക്കി എസ്.പി.യെ മാറ്റി നിര്‍ത്തിയുള്ള ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും റോയി ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറെ കാലങ്ങളായി ജനവിരുദ്ധ പോലീസ് സംവിധാനമാണ് ഇടുക്കിയിലുള്ളത്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയും പാദസേവകരുമായി മാറിയ ജില്ല പോലീസ് മേധാവി അന്യായങ്ങള്‍ക്കും അനീതിയ്ക്കും കുട പിടിയ്ക്കുകയായിരുന്നു. എം.എം. മണിയുടെയും സിപിഎമ്മിന്റെയും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ഇടുക്കി എസ്.പി.യുടെ നിര്‍ദ്ദേശാനുസരണം ഉടുമ്പഞ്ചോലയിലെ സിബി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കൊലക്കുറ്റത്തിന് കള്ളക്കേസെടുത്തതടക്കം ജില്ലയില്‍ നിരപരാധികളായ നൂറ് കണക്കിന് കോണ്‍ഗ്രസ്, യൂത്ത്കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരാണ് കള്ളക്കേസില്‍ പെടുകയും ജയിലിലടയക്ക്പ്പെടുകയും ചെയ്തിട്ടുള്ളത്. മുമ്പൊരു കാലത്തും ഉണ്ടാകാത്തതും, മറ്റൊരു ജില്ലയിലും കാണാത്ത ദുഷ്പ്രവണതയും നീചപ്രവര്ത്തനവും മനോഭാവവുമാണ് ഇക്കാര്യത്തില്‍ ഇടുക്കി എസ്.പി.യില്‍ നിന്നും ഉണ്ടായിട്ടുള്ളത്.
തന്റെ ഇംഗിതത്തിന് വഴങ്ങാത്തവരും സിപിഎമ്മിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത സത്യസന്ധമായും, നീതിപൂര്‍വ്വമായും ഔദ്യോഗിക കൃത്യനിര്‍വ്വഹണം നടത്തുന്ന നിരവധി പോലീസ് ഉദ്യോഗസ്ഥരെ അടിയ്ക്കടി സ്ഥലം മാറ്റുകയും, ശിക്ഷണ നടപടികളെടുത്തും, പോലീസിന്റെ ആത്മവീര്യവും, അന്തസും എസ്.പി. നഷ്ടപ്പെടുത്തിയെന്നും റോയി കുറ്റപ്പെടുത്തി.
എസ്.പി.യുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് എറണാകുളത്തെ ബന്ധുവീട്ടില്‍ വാങ്ങിയ ഡയമണ്ട് ആഭരണങ്ങള്‍ക്ക് ഇടുക്കിയില്‍ നിന്നും വനിതാ പോലീസുള്‍പ്പടെ നാല് പോലീസുകാരെ മൂന്ന് ദിവസം കാവല്‍ ഏര്‍പ്പെടുത്തി ഡ്യൂട്ടിയ്ക്കിട്ടത് ഏറെ ഗൗരവകരമായ അധികാര ദുര്‍വിനിയോഗമാണ്. വണ്ടിപ്പെരിയാറിലെ ഒരു എസ്റ്റേറ്റിന്റെ തര്‍ക്കത്തില്‍ ഇടപെട്ടുകൊണ്ട് എസ്റ്റേറ്റ് മുതലാളിയുടെ ബംഗ്ലാവില്‍ ക്യാമ്പ് ചെയ്ത് നടത്തിയ പ്രവൃത്തികള്‍ ലജ്ജാകരവും എസ്.പി.യെന്ന പദവിയ്ക്ക് ഒട്ടും യോജിച്ചതുമല്ല. ഇത്തരത്തില്‍ ഒട്ടേറെ ആരോപണങ്ങളും വിവാദങ്ങളും പരാതികളും എസ്.പിയ്ക്കെതിരെ ഉയര്‍ന്ന് വന്നിട്ടുള്ളത് സര്‍ക്കാര്‍ ഗൗരവകരമായി കണ്ട് അന്വേഷണ വിധേയമാക്കണം. പോലീസിലെ ക്രിമിനല്‍-മാഫിയ സംഘത്തിന്റെ നേതാവും സംരക്ഷകനുമാണ് ഇടുക്കി എസ്.പി. തന്റെ അധികാരവും പദവിയും ധനസമ്പാദനത്തിനുള്ള മാര്‍ഗമായി കരുതിയിട്ടുള്ള ഇടുക്കി എസ്.പി. ജില്ലയിലെ സര്‍വ്വീസിനിടയില്‍ നടത്തിയിട്ടുള്ള വ്യാപക അഴിമതികള്‍ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും റോയി കെ. പൗലോസ് ആവശ്യപ്പെട്ടു.