മല്ലപ്പള്ളിയില്‍ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍ ഭക്ഷണം വിളമ്പിയ ചെങ്ങന്നൂരിലെ കാറ്ററിംഗ് സെന്ററിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഓവന് ഫ്രഷ് എന്ന കാറ്ററിംഗ് സെന്ററിന്റെ ലൈസന്‍സാണ് ആലപ്പുഴ ജില്ല ആരോഗ്യ വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെ സസ്പെന്‍ഡ് ചെയ്തത്. ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അന്വേഷണം അവസാനിക്കുന്നത് വരെ സസ്പെന്ഷന് നടപടി നിലനില്ക്കും.
ഭക്ഷ്യ വിഷബാധ ഉണ്ടായ സംഭവത്തില്‍ കാറ്ററിങ് സ്ഥാപന ഉടമയ്ക്കെതിരെ കേസെടുത്തു. ചെങ്ങന്നൂര്‍ സ്വദേശി മനുവിനെതിരെയാണ് കീഴ്വായ്പ്പൂര് പോലീസ് കേസെടുത്തത്. മായം ചേര്‍ക്കല്‍, പൊതു ശല്യം, എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.
മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച്ച സെന്റ് തോമസ് പള്ളിയിലാണ് മാമോദിസ ചടങ്ങ് നടത്തിയത്. എന്നാല്‍ അതേ ദിവസം കമ്പനി മറ്റിടങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ച് പരാതി ഇല്ലെന്ന് കമ്പനി പ്രതികരിച്ചു.
ഏകദേശം ഇരുന്നൂറിനടുത്ത് ആളുകള്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതില്‍ എഴുപതോളം പേര് അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ ഇടങ്ങളില്‍ ചികിത്സ തേടിയെന്നാണ് വിവരം. സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ഭക്ഷണം കഴിച്ചവരില്‍ വയറിളക്കവും ഛര്‍ദിയുമാണ് അനുഭവപ്പെട്ടത്.