ബോളിവുഡ് ഗായിക അനുരാധ പഡ്വാള് തന്റെ അമ്മയാണെന്നും മാതൃത്വം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് വര്‍ക്കല സ്വദേശി കര്‍മ്മല മോഡക്സ് കുടുംബകോടതിയില്‍. അവകാശപ്പെട്ട സ്വത്ത് നിയമപരമായി അനുവദിച്ചുകിട്ടുന്നതിന് കുടുംബകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതായി കര്‍മ്മല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനുരാധ പഡ്വാള്- അരുണ്‍ പഡ്വാള് ദമ്ബതികളുടെ മൂത്ത മകളായ തന്നെ സംഗീത രംഗത്തെ തിരക്കുകാരണം കുടുംബ സുഹൃത്തും സൈനികനുമായ വര്‍ക്കല സ്വദേശി പൊന്നച്ചനെ നോക്കാനേല്‍പ്പിക്കുകയായിരുന്നെന്നും പൊന്നച്ചന്റെയും ഭാര്യ ആഗ്നസിന്റെയും മൂന്ന് മക്കളോടൊപ്പമാണ് താന്‍ വളര്‍ന്നതെന്നും കര്‍മ്മല പറഞ്ഞു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം ലഭിച്ചപ്പോള്‍ അനുരാധയും ഭര്‍ത്താവുമെത്തി കര്‍മ്മലയെ കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അന്ന് കുട്ടിയായിരുന്ന കമല അവര്‍ക്കൊപ്പം പോയില്ല.അതിനുശേഷം അനുരാധ മകളെ മറന്നു. കര്‍മ്മലയുടെ വിവാഹം നടത്തിയതും പൊന്നച്ചനാണ്.
പൊന്നച്ചന്റെ മരണത്തിന് തൊട്ടുമുന്‍പാണ് തന്റെ യഥാര്‍ത്ഥ അമ്മ അനുരാധയാണെന്ന് കര്‍മ്മലയെ അറിയിക്കുന്നത്. കര്‍മ്മല അനുരാധയെ കണ്ട് വിവരം പറഞ്ഞെങ്കിലും മകളായി അംഗീകരിക്കാന്‍ തയ്യാറായില്ല. അനുരാധയുടെ മറ്റു രണ്ടു പെണ്മക്കള് ഇക്കാര്യം അംഗീകരിക്കില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതേതുടര്‍ന്നാണ് കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. തനിക്കു ലഭിക്കേണ്ട മാതൃത്വവും ബാല്യ, കൗമാര, യൗവന കാലഘട്ടങ്ങളിലെ പരിചരണവും നിഷേധിച്ചതിനാല്‍ 50 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
വക്കീല്‍ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കിയതായും കര്‍മ്മല മോഡക്സ് പറഞ്ഞു. ലീഗല്‍ അഡ്വൈസര്‍ അഡ്വ. അനില്‍പ്രസാദ്, ഭര്‍ത്താവ് ടറന്‍സ് മോഡക്സ് എന്നിവര്‍ക്കൊപ്പമാണ് കര്‍മ്മല വാര്‍ത്താസമ്മേളനത്തിനെത്തിയത്.


