രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ചു ഇനിയും വീഡിയോകൾ ചെയ്യുമെന്ന് രാഹുൽ ഈശ്വർ. വീട്ടിലെ തെളിവെടുപ്പിനിടെയായിരുന്നു പ്രതികരണം. രാഹുലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിർത്തില്ലെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. പൗഡിക്കോണത്തെ വീട്ടിൽ നിന്നും ലാപ്ടോപ് എടുക്കുന്നതിനായി രാഹുൽ ഈശ്വറിനെ എത്തിച്ചിരിക്കുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പീഡനപരാതി നല്കിയ യുവതിയെ തിരിച്ചറിയുംവിധം സാമൂഹികമാധ്യമങ്ങളില്‍ പരാമര്‍ശം നടത്തിയതിനും ഇവരെ അധിക്ഷേപിച്ചെന്നും ആരോപിച്ചാണ് രാഹുല്‍ ഈശ്വറിനെ കഴിഞ്ഞദിവസം അറസ്റ്റ്ചെയ്തത്. ഞായറാഴ്ച വൈകീട്ട് പൗഡിക്കോണത്തെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത രാഹുല്‍ ഈശ്വറിനെ രാത്രി ഒന്‍പതുമണിയോടെയാണ് അറസ്റ്റ്ചെയ്തത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ്പ് ഉള്‍പ്പെടെ കണ്ടെടുക്കാനായാണ് പൗഡിക്കോണത്തെ വീട്ടിലെത്തിച്ചത്. പൗഡിക്കോണത്തെ വീട്ടിലാണ് രാഹുല്‍ ഈശ്വറിന്റെ സ്റ്റുഡിയോയും സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെയാണ് തെളിവെടുപ്പ്. രാഹുല്‍ ഈശ്വറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ ഭാര്യയും മകനും ഇവിടെയെത്തിയിരുന്നു. എന്തോ ഡിജിറ്റല്‍ ഉപകരണങ്ങള്‍ തേടിയാണ് പോലീസ് വന്നിരിക്കുന്നതെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യയും പ്രതികരിച്ചു. തുടര്‍ന്ന് ഇരുവരും പോലീസിനൊപ്പം വീടിനകത്തേക്ക് പോയി. തെളിവെടുപ്പ് തുടരുകയാണ്.
രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇതിനിടെ സന്ദീപ് വാര്യർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.


