ഇന്ധന വിലയ്ക്കെതിരായി കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച ചലച്ചിത്ര നടന് ജോജു ജോര്‍ജിനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കി. മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കൊച്ചിയില്‍ നടന്ന സമരത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മദ്യപിച്ചെത്തിയ ജോജു വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് കോണ്‍ഗ്സ് ആരോപിച്ചു. എന്നാല്‍ ഒരു വനിതാ പ്രവര്‍ത്തകയെയും അപമാനിച്ചിട്ടില്ലെന്ന് നടന് ജോജു പറഞ്ഞു. താന്‍ ചെയ്തതില്‍ ഒരു തെറ്റുമില്ല. ആരോടും മാപ്പ് പറയാനുമില്ലെന്ന് ജോജു പറഞ്ഞു.
ഹൈക്കോടതി വിധി പ്രകാരം പൂര്‍ണമായും റോഡ് ഉപരോധിക്കരുതെന്നാണ്. അതു കൊണ്ടാണ് സമരക്കാരോട് പോയി പറഞ്ഞത്. ഇത് പോക്രിത്തരമാണെന്ന് ഞാന്‍ പറഞ്ഞു. അതിനവര്‍ പറയുന്നത് ഞാന്‍ മദ്യപിച്ചിരുന്നു എന്നാണ്. ഞാന്‍ മുന്‍പ് മദ്യപിച്ചിരുന്നയാളാണ്. പക്ഷേ, ഇപ്പോള്‍ മദ്യപിച്ചിട്ടില്ല. അവരെന്റെ വണ്ടി തല്ലിപ്പൊളിച്ചു. എന്റെ അപ്പനെയും അമ്മയെയും അവര്‍ പച്ചത്തെറി വിളിച്ചു. എന്നെ അവര്‍ക്ക് തെറി പറയാം. പക്ഷേ, എന്റെ അപ്പനും അമ്മയും എന്ത് ചെയ്തു? സിനിമാനടനായതു കൊണ്ട് പ്രതികരിക്കരുതെന്നുണ്ടോ? ഇത് രാഷ്ട്രീയവത്കരിക്കരുത്. ഇത് ഷോ അല്ല. ഇതെന്റെ പ്രതിഷേധമാണ്. അവര്‍ കേസ് കൊടുത്തോട്ടെ. ഞാന്‍ നേരിടും. ഞാനും പരാതി കൊടുക്കും. ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് വേറൊരു പരാതി. ഒരു കാര്യത്തിനു പ്രതിഷേധച്ചതിനു വന്നതാണ് ആ പരാതി.
ഞാന്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയില്ല. എന്റെ വാഹനത്തിന്റെ തൊട്ടടുത്ത് കീമോയ്ക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവരൊക്കെ ശ്വാസം വിടാന്‍ പറ്റാതെ നില്‍ക്കുകയായിരുന്നു. ഇതിന്റെ പേരിലുള്ള സംസാരം കഴിഞ്ഞു. ഇനിയാരും ഇക്കാര്യം ചോദിക്കാന്‍ തന്നെ വിളിക്കരുതെന്നും ജോജു പറഞ്ഞു.
ഇടപ്പള്ളി വൈറ്റില ദേശീയ പാതയിലായിരുന്നു എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാര്‍ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടന് ജോജു ജോര്‍ജും രംഗത്തെത്തി. ഇതേ തുടര്‍ന്ന് ജോജുവിന്റെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ജോജു ജോര്‍ജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാല്‍, കൂടുതല്‍ പൊലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.


