കള്ളക്കടത്തിന് ഉപയോഗിച്ച കാര്‍ തന്റെ പേരിലെങ്കിലും ലോണ്‍ അടച്ചു കൊണ്ടിരുന്നത് അര്ജുന് എന്ന് ഡിവൈഎഫ്ഐ മുന്‍ നേതാവ് സജേഷിന്റെ മൊഴി. അര്ജുന് സിബില്‍ സ്കോര്‍ കുറവായതു കൊണ്ടാണ് തന്റെ പേരില്‍ കാര്‍ എടുത്തതെന്നും അര്‍ജുന്റെ സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സജേഷ് മൊഴി നല്കി.
അര്‍ജുനെ സജേഷ് പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണെന്നും മൊഴിയില്‍ പറയുന്നു. പിന്നീട് ഇത് അടുത്ത സൗഹൃദമായി വളരുകയായിരുന്നു. അര്ജുന് തന്നെ ചതിക്കുകയായിരുന്നു എന്നും സജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി.
അതേസമയം, അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് അര്ജുന് സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസമായി ചോദ്യം ചെയ്തിട്ടും അര്ജുന് ഒന്നും വിട്ടു പറയുന്നില്ലെന്ന് കസ്റ്റംസ് പറഞ്ഞു. അര്‍ജുന്റെ ഹവാല ഇടപാടുകളും കസ്റ്റംസ് പരിശോധിക്കും.
അതേസമയം, രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ കേസില്‍ ഇന്നലെ പിടിയിലായ സൂഫിയാന് അടക്കമുള്ളവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്.


