അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ട സാഹചര്യത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയെന്ന് വിളിക്കുന്നത്. ഇതിന് പിന്നാലെയാണ് അടുത്ത മൂന്ന് മണിക്കൂറിലെ ദിനാന്തരീക്ഷാവസ്ഥയും കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്.