അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഉപകരണമാണ് മിക്സി. എന്തുതരം ഭക്ഷണ സാധനങ്ങൾ തയാറാക്കണമെങ്കിലും മിക്സി അത്യാവശ്യം തന്നെയാണ്. എന്നാൽ ഉപയോഗം കഴിഞ്ഞതിന് ശേഷം ഇത് വൃത്തിയാക്കുന്നത് കുറച്ചധികം പണിയുള്ള കാര്യമാണ്. ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ തങ്ങി നിൽക്കുകയും അണുക്കൾ വളരുകയും ചെയ്യുന്നു. മിക്സി എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.
1.നാരങ്ങ തോട്
നാരങ്ങ തോട് ഉപയോഗിച്ച് എളുപ്പം മിക്സി വൃത്തിയാക്കാൻ സാധിക്കും. കാരണം ഇതിൽ സിട്രസ് അടങ്ങിയിട്ടുണ്ട്. ഇത് പറ്റിപ്പിടിച്ച കറകളെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു. ഉപയോഗം കഴിഞ്ഞതിന് ശേഷം നാരങ്ങയുടെ തോട് മിക്സിയിൽ നന്നായി ഉരച്ച് കഴുകിയാൽ മതി. അണുക്കളും ദുർഗന്ധവും എളുപ്പം ഇല്ലാതാകുന്നു.
2. വിനാഗിരി
വൃത്തിയാക്കാൻ നല്ലതാണ് വിനാഗിരി. കറിക്കൂട്ടുകൾ തയാറാക്കുന്നതുകൊണ്ട് തന്നെ മിക്സിയിൽ കറപ്പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. വിനാഗിരി ഉപയോഗിച്ച് ഇതിനെ എളുപ്പം നീക്കം ചെയ്യാൻ സാധിക്കും. വെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ വിനാഗിരി കലർത്തിയതിന് ശേഷം മിക്സിയിൽ ഉരച്ച് കഴുകാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകി വൃത്തിയാക്കിയാൽ മതി. 3. ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ ഉപയോഗിച്ചും മിക്സി എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് കുഴമ്പുപോലെയാക്കണം. ശേഷം കറയുള്ള ഭാഗത്ത് നന്നായി തേച്ചുപിടിപ്പിക്കാം. ഇത് കഠിന കറകളെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.


