ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കല്‍ കോളജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എം.സി.ഐ. അംഗീകാരം റദ്ദാക്കുകയായിരുന്നു.
സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണത്തിന്റെയും കരുത്താര്‍ന്ന ഇടപെടലിന്റെയും നേട്ടമാണ് ഇടുക്കി മെഡിക്കല്‍ കോളേജിലെത്തുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:
ഇടുക്കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 100 എംബിബിഎസ് സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഗണ്യമായ പുരോഗതിയാണ് സാധ്യമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടത്തിലേക്ക് ഇടുക്കി മെഡിക്കല്‍ കോളേജ് എത്തിയിരിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഇടുക്കി മെഡിക്കല്‍ കോളേജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ കിടക്കകളുള്ള ആശുപത്രിയോ, അക്കാദമിക് ബ്ലോക്കോ, വിദ്യാര്‍ത്ഥികള്‍ക്കോ ജീവനക്കാര്‍ക്കോ താമസിക്കുന്നതിനുള്ള സൗകര്യമോ, ആവശ്യമായ ജീവനക്കാരോ ഇല്ലാത്തതിനാല്‍ 2016ല്‍ എം.സി.ഐ. അംഗീകാരം റദ്ദാക്കി.
2015ല്‍ രണ്ടാമത്തെ ബാച്ച് ഇടുക്കി മെഡിക്കല്‍ കോളേജില്‍ പഠനം ആരംഭിക്കുമ്പോള്‍ പരിമിത സൗകര്യം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. ക്ലിനിക്കല്‍ പരിശീലനം നിര്‍ബന്ധമായിരുന്ന രണ്ടാംവര്‍ഷത്തെ പഠനം പ്രതിസന്ധിയായിരുന്നതായി വിദ്യാര്‍ത്ഥികള്‍ തന്നെ വ്യക്തമാക്കിയിരുന്നു.
എല്ലാ സൗകര്യവുമുറപ്പാക്കുമെന്നായിരുന്നു 2014ല്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പു നല്‍കിയത്. എന്നാല്‍ ക്ലിനിക്കല്‍ പോസ്റ്റിങ് പോലും ലഭിക്കാതെ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായിലാകുന്ന അവസ്ഥയായിരുന്നു.
2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നുകണ്ട് ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ മറ്റ് മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി തുടര്‍പഠനം ഉറപ്പാക്കുകയും അതിന് എം.സി.ഐ.യുടെ അംഗീകാരം നേടിയെടുക്കുകയും ചെയ്തു.
അവിടെ നിന്നാണ് 100 എംബിബിഎസ് സീറ്റുകള്‍ക്ക് അനുമതി നേടുന്ന ഇന്നത്തെ ഇടുക്കി മെഡിക്കല്‍ കോളേജിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.
എല്ലാതരത്തിലും മെഡിക്കല്‍ കോളേജിന് മാറ്റം അനിവാര്യമായിരുന്നു. കൃത്യമായ സൗകര്യങ്ങളോടുകൂടിയ ആശുപത്രി, ആക്കാദമിക ബ്ലോക്ക്, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കി.
അത്യാഹിത വിഭാഗം ആരംഭിച്ചു.
കൂടുതല്‍ സൗകര്യങ്ങളോടെയാണ് ഒപി വിഭാഗം പുതിയ ആശുപത്രി സമുച്ഛയത്തിലേക്ക് മാറ്റിയത്. സി.ടി സ്കാന്‍, ഡിജിറ്റല്‍ എക്സറേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളൊടൊപ്പം രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു. ഇനിയും കൂടുതല്‍ സൗകര്യങ്ങളൊരുക്കാനുള്ള ലക്ഷ്യത്തിലാണ് സര്‍ക്കാര്‍.
മെഡിക്കല്‍ കോളേജിന് അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.
ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതിയ കെട്ടിടം പൂര്‍ത്തീകരിച്ച് ഐപി ആരംഭിച്ചു. അന്ന് 50 എംബിബിഎസ് സീറ്റുകള്‍ക്കാണ് അനുമതിയുണ്ടായിരുന്നെങ്കില് ഇന്നത് 100 സീറ്റുകളായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും.
ഹൈറേഞ്ചില്‍ മികച്ച ആശുപത്രി സൗകര്യം യാഥാര്‍ത്ഥ്യമാക്കുകയെന്ന വീക്ഷണത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയത്. മെഡിക്കല്‍ കോളേജിന്റെ നൂനതകള്‍ ഘട്ടംഘട്ടമായി പരിഹരിച്ചാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അനുമതിയ്ക്കായി ശ്രമിച്ചത്.
സമയബന്ധിതമായി ഇടുക്കി മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍ ഉറപ്പു വരുത്തി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ അതി ശക്തമായി നിലകൊണ്ടു. ഇത്തരത്തില്‍ ഒരു സര്‍ക്കാരിന്റെ ദീര്‍ഘ വീക്ഷണത്തിന്റെയും കരുത്താര്‍ന്ന ഇടപെടലിന്റെയും നേട്ടമാണ് ഇന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലെത്തുന്നത്.


