മലയിന്‍കീഴ്: പ്രസവശേഷം യുവതി മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമാണെന്ന് യുവതിയുടെ ബന്ധുക്കളുടെ പരാതി. ബാലരാമപുരം കണ്ണറവിള സ്വദേശി ഷൈനുവിൻ്റെ ഭാര്യ ഗായത്രി ചന്ദ്രൻ (27) ആണ് മരിച്ചത്. പേയാട് ചെറുകോട് പ്രയാഗില്‍ പ്രമോദ് ചന്ദ്രൻ്റെയും ജയശ്രീയുടെയും മകളാണ് ഗായത്രി. ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആണ് പിതാവ് പ്രമോദ് ചന്ദ്രന് പൊലീസില്‍ പരാതി നല്‍കിയത്.
ഒമ്പതുമാസം ഗര്‍ഭിണിയായ ഗായത്രിയെ വയറുവേദന അനുഭവപ്പെട്ടതിനാല്‍ ജുലൈ 19 ന് വൈകിട്ടാണ് പതിവായി കാണിച്ചിരുന്ന ശാസ്തമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ രാത്രി ഒമ്പത് മണിക്ക് ബോധരഹിതയാകുന്നതു വരെ ഡോക്ടര്‍മാര്‍ പരിശോധിച്ചില്ലെന്ന് ആണ് പിതാവിൻ്റെ പരാതി. 9.30ന് ഓപറേഷന് തിയറ്ററില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ പെണ്‍കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ 12 മണിയോടെ ഗായത്രിയുടെ നില ഗുരുതരമാണെന്നും എസ്എടി ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
എസ്എടിയില്‍ എത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഇല്ലായിരുന്നു. തുടര്‍ന്ന് കരമനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് ഇപ്പോഴും ആരോപണവിധേയമായ ആശുപത്രിയില്‍ തന്നെയാണ്. ആരോഗ്യനില തൃപ്തികരമെന്നാണ് വീട്ടുകാര്‍ക്കു കിട്ടിയ വിവരം. സ്ഥിരമായി കാണിച്ചിരുന്ന ആശുപത്രിയിലെ ഡോക്ടറുടെ അനാസ്ഥയാണ് മകളുടെ ജീവന് നഷ്ടമാകാന്‍ കാരണമെന്നു പിതാവ് ആരോപിച്ചു.


