പെട്ടന്നുണ്ടാകുന്ന ഹൃദയാഘാതം എല്ലാവർക്കും ഒരു പേടി സ്വപ്നമാണ്. എന്നാൽ ഹൃദയാഘാതം സംഭവിക്കുന്ന സമയത്തിന് അതിന്റെ ആഘാതത്തിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന കണ്ടെത്തലിലാണ് ശാസ്ത്രലോകം ഇപ്പോൾ എത്തിനിൽക്കുന്നത്. സാധാരണയായി പകൽ സമയങ്ങളിൽ സംഭവിക്കുന്ന ഹൃദയാഘാതത്തേക്കാൾ രാത്രിയിൽ സംഭവിക്കുന്നവ ഹൃദയപേശികൾക്ക് കുറഞ്ഞ അളവിൽ മാത്രമേ നാശമുണ്ടാക്കുന്നുള്ളൂ എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇതിന് കാരണമായി ഗവേഷകർ പറയുന്നത് നമ്മുടെ ശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ സ്വാധീനമാണ്.
പഠനങ്ങൾ പ്രകാരം, നമ്മുടെ ശരീരത്തിലെ പ്രധാന പ്രതിരോധ കോശങ്ങളിലൊന്നായ ‘ന്യൂട്രോഫിലുകൾ’ ആണ് ഈ വ്യത്യാസത്തിന് കാരണമാകുന്നത്. മുറിവുകളോ അണുബാധകളോ ഉണ്ടാകുമ്പോൾ ശരീരം ആദ്യം പ്രതികരിക്കുന്നത് ഈ കോശങ്ങളിലൂടെയാണ്. പകൽ സമയങ്ങളിൽ ഈ ന്യൂട്രോഫിലുകൾ വളരെ സജീവവും ആക്രമണോത്സുകവുമാണ്. ഹൃദയാഘാതം സംഭവിക്കുന്ന സമയത്ത് ഈ കോശങ്ങൾ ഹൃദയപേശികളിലേക്ക് അമിതമായി ഇരച്ചുകയറുകയും, ഇത് വീക്കത്തിനും കോശങ്ങളുടെ നാശത്തിനും കാരണമാവുകയും ചെയ്യുന്നു. എന്നാൽ രാത്രി സമയങ്ങളിൽ ഈ കോശങ്ങൾ ശാന്തമായിരിക്കുകയും അവയുടെ ആക്രമണ സ്വഭാവം കുറയുകയും ചെയ്യുന്നു. ഇത് രാത്രികാലങ്ങളിൽ ഹൃദയത്തിന് സംഭവിക്കുന്ന പരിക്കുകളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നു.


