ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരില്‍ ഏറ്റവും കൂടുതല്‍ പേര് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. 2,186 പേരാണ് കേരളത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരില്‍ 26.4 ശതമാനവും കേരളത്തിലാണ്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് ബാധിതര്‍ കൂടുതലുള്ളതെന്ന് കേന്ദ്രം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 1,763 പേരാണ് മഹാരാഷ്ട്രയില്‍ ചികിത്സയിലുള്ളത്.

ഏപ്രില്‍ 10,11 തീയതികളില്‍ മോക് ഡ്രില്ലുകള്‍ നടത്തും
രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ഏപ്രില്‍ 10,11 തീയതികളില്‍ മോക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ മോക് ഡ്രില്ലില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. പുതിയ കൊവിഡ് തരംഗമുണ്ടായാല്‍ നേരിടുന്നതിന് രാജ്യത്തെ ആശുപത്രികളെ സജ്ജമാക്കാനാണ് മോക് ഡ്രില്‍ നടത്തുന്നത്. മരുന്നുകള്‍, കിടപ്പുരോഗികള്‍ക്കായുള്ള കിടക്കകള്‍, മെഡിക്കല്‍ സാമഗ്രികള്‍, ഓക്സിജന്‍ എന്നിവയുടെ ലഭ്യതയും വിലയിരുത്തും.മാര്‍ച്ച് 27ന് സംസ്ഥാനത്ത് നടത്തുന്ന ഓണ്‍ലൈന്‍ യോഗത്തിലാകും മോക് ഡ്രില്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കുക.
ആന്റിജന്‍ പരിശോധന ഊര്‍ജിതമാക്കണം
തേസമയം ചില സംസ്ഥാനങ്ങള്‍ വലിയ തോതില്‍ ആന്റിജന്‍ പരിശോധനയെ ആശ്രയിക്കുന്നതിലും പരിശോധന നിരക്ക് കുറച്ചതിലും ആരോഗ്യ മന്ത്രാലയം അതൃപ്തി അറിയിച്ചു. പരിശോധന ഊര്‍ജിതമാക്കണമെന്നും ഇത് ക്ലസ്റ്ററുകളെയും ഹോട്ട് സ്പോട്ടുകളെയും വേഗം തിരിച്ചറിയാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങല്‍ക്ക് നിര്‍ദേശം നല്കി.


