അടുക്കളയിൽ എന്ത് ജോലിയും എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. എന്നാൽ പാത്രം കഴുകുന്നത് മറ്റ് ജോലികൾ പോലെ അത്ര എളുപ്പമുള്ള ജോലിയല്ല. പാത്രങ്ങളിൽ അഴുക്കും കറയും ദുർഗന്ധവുമൊക്കെ ഉണ്ടാകാറുണ്ട്. ഇത് നന്നായി വൃത്തിയാക്കേണ്ടതും ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു കാര്യമാണ്. പാത്രത്തിൽ കറപിടിച്ചിരുന്നാൽ ഉടനെ കഴുകി വൃത്തിയാക്കിയില്ലെങ്കിൽ പിന്നീട് വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും. ഇത് വൃത്തിയാക്കാൻ പലതരം ക്ലീനറുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കഠിനമായ എണ്ണ കറകളെ നീക്കം ചെയ്യാൻ കുറച്ചധികം ബുദ്ധിമുട്ടുണ്ട്. പാത്രത്തിലെ എണ്ണമയത്തെ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും മാത്രം ചെയ്താൽ മതി.
ഉപ്പ് ചേർത്ത ചെറുചൂട് വെള്ളത്തിൽ ഒരു മണിക്കൂറോളം പാത്രം മുക്കിവയ്ക്കണം. ഇങ്ങനെ ചെയ്തതിന് ശേഷം സ്ക്രബർ ഉപയോഗിച്ച് പാത്രം ഉരച്ച് കഴുകാം. ഉപ്പിന്റെ കൂടെ റബ്ബിങ് ആൽക്കഹോളും ഉപയോഗിക്കാവുന്നതാണ്.
കഞ്ഞിവെള്ളം
എണ്ണമയത്തെ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഒരു പാത്രത്തിൽ കഞ്ഞിവെള്ളം എടുത്തതിന് ശേഷം അതിലേക്ക് പാത്രം അര മണിക്കൂർ മുക്കിവയ്ക്കണം. ശേഷം സ്ക്രബർ ഉപയോഗിച്ച് ഉരച്ചെടുത്തതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയെടുത്താൽ മതി.
എണ്ണ
നിങ്ങൾ പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന എണ്ണ ഉപയോഗിച്ച് പാത്രത്തിലെ എണ്ണമയം മാറ്റാൻ സാധിക്കും. നാരങ്ങാ നീര്, ഉപ്പ്, പഞ്ചസാര എന്നിവയ്ക്കൊപ്പം എണ്ണ കൂടെ ചേർത്ത് പാത്രം കഴുകിയാൽ എണ്ണമയം എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.
നാരങ്ങ നീര്
വൃത്തിയാക്കാൻ പ്രകൃതിദത്തമായി ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ നീര്. ഇത് ബേക്കിംഗ് സോഡയോടൊപ്പം ചേർത്തതിന് ശേഷം പാത്രം കഴുകിയാൽ കറ മാത്രമല്ല പാത്രം തിളങ്ങുകയും ചെയ്യും.