രാജ്യത്തെ കോവിഡ് വാക്സിനേഷന് നൂറ് കോടി ഡോസിലേക്ക്. ഇന്നലെ രാത്രിയിലെ കണക്ക് പ്രകാരം 99.7 കോടി ഡോസാണ് നല്‍കിയത്. ഇന്ന് ഉച്ചയോടെ 100 കോടി ഡോസ് പിന്നിടും. കോവിഡ് പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവെപ്പാണിതെന്നും വാക്സിന് സ്വീകരിക്കാത്തവര്‍ ഉടന്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
”വാക്സിനേഷന്റെ കാര്യത്തില്‍ രാജ്യം സെഞ്ചുറിയിലേക്കെത്തുകയാണ്. ഈ സുവര്‍ണാവസരത്തിന്റെ ഭാഗമാകാന്‍, ഇനിയും കുത്തിവെപ്പ് എടുക്കാത്ത പൗരന്മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഇന്ത്യയുടെ ഈ ചരിത്രപരമായ വാക്സിനേഷന് യാത്രയില്‍ ഉടന്‍ തന്നെ പങ്കാളിയാവുക” കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടു സംസ്ഥാനങ്ങള്‍ ആറു കോടിയിലധികം ഡോസ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് വാക്സിനേഷനില്‍ മുന്നില്‍.
ജനുവരി 16നാണ് ഇന്ത്യ വാക്സിനേഷന് യജ്ഞം ആരംഭിക്കുന്നത്. ആദ്യഘട്ടമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിനു മുകളിലുള്ളവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ 45 വയസിനു മുകളിലുള്ളവര്‍ക്കും വാക്സിന് നല്‍കിത്തുടങ്ങി. മെയ് ഒന്നു മുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്ക്കും കുത്തിവെപ്പ് നല്കാന് തീരുമാനിച്ചു.


