പെരുമഴയത്ത് ടാര്‍പോളിന്‍ ഷീറ്റ് ബന്ധുക്കള്‍ സ്ട്രച്ചറിന് മുകളില്‍ പിടിച്ചുകൊണ്ടു നില്ക്കും, അറ്റന്റര്‍ പതിയെ സ്ട്രച്ചര്‍ തള്ളിക്കൊണ്ട് റോഡിലൂടെ നീങ്ങും. സ്ത്രീകളുടെ വാര്‍ഡില്‍ നിന്ന് ഗര്‍ഭിണികളായ സ്ത്രീകളെ ഓപ്പറേഷന് തീയേറ്ററിലേക്ക് റോഡിലൂടെ സ്ട്രച്ചറില്‍ കിടത്തി കൊണ്ടുപോയ ആ കാഴ്ച നമ്മുടെ കണ്ണില്‍ നിന്നും മറഞ്ഞിട്ടില്ല. ഇത് പഴങ്കത. മൂവാറ്റുപുഴ ജനറലാശുപത്രി ഇന്ന് അടിമുടി മാറികഴിഞ്ഞു. ദുരിതം നിറഞ്ഞ ഈ കാഴ്ചകളില്‍ നിന്നാണ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയും നഗരസഭയും മുന്‍കൈയെടുത്ത് സ്ത്രീകളുടെ വാര്‍ഡില്‍ നിന്നും ഓപ്പറേഷന് തീയേറ്ററുള്ള ഒപി ബ്ലോക്കിലേക്ക് റാമ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. വലിയൊരു ദുരിതത്തിന് അറുതി വരുത്തി ഇപ്പോള്‍ ആ റാമ്പ് നിര്‍മാണം പൂര്‍ത്തിയായിരിക്കുന്നു.
സ്വകാര്യ ആശുപത്രികളോട് കടപിടിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗൈനക്കോളജി ഓപ്പറേഷന് തീയേറ്റര്‍ നിര്‍മാണവും ആധുനിക സൗകര്യങ്ങളോടെ ഹൈടെക് ലാബ് നിര്‍മ്മാണവും ഇവിടെ അവസാന ഘട്ടത്തിലാണ്. സ്വകാര്യ മേഖലയിലെ ലാബുകളേക്കാല് പരിശോധന ചെലവ് പകുതിമാത്രമാണിവിടെ വേണ്ടിവരികയെന്നതാണ് വലിയ ആശ്വാസം. ഹോര്മാണ് പരിശോധനകള്‍ക്കായി ഹോര്മാണ് അനലൈസറടക്കം 5 പാര്‍ട്ട് ഹെമറ്റോളജി അനലൈസറുകളും പ്രമേഹ രോഗപരിശോധനകള്‍ക്കായി എച്ച്ബിഎ1സി അനലൈസറുമടക്കം 25ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെ സ്്ഥാപിച്ചിരിക്കുന്നത്. ലാബിന്റെ ഉദ്ഘാടനം 24ന് നടക്കും.


