പാലക്ക് ചീര പതിവായി കഴിക്കുന്നത് ഇരുമ്പിന്റെ അളവ് കൂട്ടാൻ സഹായിക്കും. 100 ഗ്രാം പാലക്ക് ചീരയിൽ ഏകദേശം 4.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ഭാഗമായി ചീര കഴിക്കുന്നതിലൂടെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ കഴിയും.
പാലക്ക് ചീര ഇലകൾക്ക് കാഴ്ച മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന സമ്പന്നമായ പോഷകങ്ങളുണ്ട്. ആരോഗ്യമുള്ള വ്യക്തികൾക്ക് ദിവസവും ഒരു കപ്പ് ചീര കഴിക്കുന്നതിലൂടെ ദൈനംദിന പോഷകാഹാര ആവശ്യങ്ങളുടെ 56 മുതൽ 188% വരെ നിറവേറ്റാൻ കഴിയുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ന്യൂട്രീഷൻ ആൻഡ് അഗ്രികൾച്ചർ റിസർച്ച് വ്യക്തമാക്കുന്നു.
പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിൻ സി പാലക്ക് ചീരയിൽ അടങ്ങിയിരിക്കുന്നു. പാലക്ക് ചീര പതിവായി കഴിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും മാനസികാവസ്ഥ മികച്ചതാക്കുകയും ചെയ്യുന്നു. ഇതിൽ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ശരീരത്തിന് നല്ല രീതിയിൽ ജലാംശം നൽകുകയും രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.


